ദില്ലി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു. പതിനാറിന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി.
രാവിലെ 11 മണിയോടെ ദില്ലി തുഗ്ലക് റോഡിലെ ഇഡി ഓഫീസിൽ ഹാജരായ കവിത രാത്രി എട്ടിനാണ് പുറത്തിറങ്ങിയത്. നേരത്തെ അറസ്റ്റിലായ മലയാളിയും വ്യവസായിയുമായ അരുൺ രാമചന്ദ്രൻ പിള്ളയ്ക്കൊപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ആംആദ്മി പാർട്ടി നേതാക്കൾക്ക് നൂറ് കോടി രൂപ നൽകിയെന്ന് നേരത്തെ അരുൺ മൊഴി നൽകിയിരുന്നു. ഇതിന്റെ ഉറവിടത്തെ കുറിച്ചും കവിതയിൽ നിന്നും വിവരങ്ങൾ തേടി. അരുൺ കവിതയുടെ ബിനാമിയാണെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചത്. അടുത്ത വ്യാഴാഴ്ച വീണ്ടും ഹാജരാകാനാണ് കവിതയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.