പാർലമെന്റ് മുൻ വർഷങ്ങളിൽ പാസ്സാക്കിയ നാല് ലേബർ കോഡുകൾ ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്തു പുതിയ തൊഴിൽ നിയമങ്ങൾ 2022 ജൂലൈ മുതൽ നടപ്പിലാകും എന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കുവാനുള്ള ഒരുക്കത്തിലുമാണ്.
4 ലേബർ കോഡുകൾ ( പുതിയ നാലു നിയമാവലികൾ
നിലവിൽ ഉണ്ടായിരുന്ന 44 ഓളം നിയമങ്ങൾ ഏകോപിപ്പിച്ച് 4 ലേബർ കോഡുകളുടെ കീഴിൽ കൊണ്ടുവന്നിരിക്കുക യാണ്. കോഡ് ഓഫ് വേജസ് 2019, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് 2020, കോഡ് ഓഫ് സോഷ്യൽ സെക്യൂരിറ്റി 2020, ഒക്കുപ്പേഷണൽ സേഫ്റ്റി, ഹെൽത്ത്, വർക്കിംഗ് കണ്ടീഷൻ 2020 എന്നിവയാണ് ഇവ.
തൊഴിൽ രംഗത്തു പ്രത്യേകിച്ചും സ്വകാര്യ മേഖലയിൽ പല സുപ്രധാന മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ് പുതിയ തൊഴിൽ നിയമം എന്ന് കരുതുന്നുണ്ടെങ്കിലും ഓരോ സംസ്ഥാനങ്ങളും അത് നടപ്പിലാക്കി കഴിഞ്ഞാൽ മാത്രമേ പല കാര്യങ്ങളിലും കൃത്യമായ വ്യക്തത വരാൻ സാധ്യതയുള്ളൂ. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ ഇന്ത്യക്കു വേണ്ടി പുതിയ നിയമം എന്ന പേരിൽ ഈ മാറ്റങ്ങൾ നടപ്പാക്കുന്നത് എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും പല തൊഴിലാളി സംഘടനകളും ഇതിനെതിരായി മുന്നോട്ടു വന്നിട്ടുണ്ട്.
ആശങ്കകൾ
പുതിയ തൊഴിൽ നിയമവുമായി ബന്ധപ്പെട്ടു വളരെയധികം പ്രചരിക്കുന്ന ചില വാർത്തകൾ ചിലരുടെയെങ്കിലും മനസ്സിൽ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ടാകാം. ആഴ്ചയിൽ 4 ദിവസം ജോലി 3 ദിവസം അവധി എന്നുള്ളതാണ് അവയിൽ ഒന്ന്. നിലവിലുള്ള ദിവസം 8 മണിക്കൂർ ആഴ്ചയിൽ 48 മണിക്കൂർ 6 ദിവസം ജോലി എന്ന നിയമത്തിലാണ് ഇളവുകൾ കൊണ്ടുവന്നിരിക്കുന്നത്. ഇത് സ്ഥാപനങ്ങൾക്ക് അവരുടെ തൊഴിലാളികളുമായി ചർച്ച ചെയ്തു അഞ്ചു ദിവസമോ നാലു ദിവസമോ പ്രവർത്തി ദിവസങ്ങൾ ആക്കാം എന്നുള്ളതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതെല്ലാം നടപ്പാക്കുന്നതിന് സംസ്ഥാനങ്ങൾക്ക് അവരുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള രീതികൾ അവലംബിക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നുണ്ട്. പല രീതിയിലും തൊഴിലാളിക്കും തൊഴിലുടമകൾക്കും അനുകൂലമായ ഒരു വ്യവസ്ഥയാണ് ഇതെങ്കിലും 12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്നത് എത്രമാത്രം കാര്യക്ഷമമാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
പ്രതിമസ വേതനം
പുതിയ നിയമം നടപ്പാകുന്നതോടെ ശമ്പളത്തിൽ കുറവ് വരും എന്നുള്ള ഒരു വാർത്ത പല മുൻനിര മാധ്യമങ്ങളിലും വളരെ ചർച്ച ആയിരുന്നു. എന്താണ് ഇതിന്റെ യാഥാർത്ഥ്യം. മിക്കവാറും സ്ഥാപനങ്ങളും ഐ അടിസ്ഥാന ശമ്പളം വളരെ കുറച്ചു മറ്റു പല അലവൻസുകളായിട്ടാ യിരുന്നു മാസ വേതനം ഇതുവരെ നൽകിയിരുന്നത്.എന്നാൽ പുതിയ നിയമപ്രകാരം ഒരു തൊഴിലാളിക്ക് നൽകുന്ന പ്രതിമാസ വേതനത്തിന്റെ കുറഞ്ഞത് 50% എങ്കിലും ബേസിക് സാലറി അഥവാ അടിസ്ഥാന ശമ്പളം ആയിരിക്കണം.
ആനുകൂല്യങ്ങളിലെ വർദ്ധനവ്
സ്വാഭാവികമായും പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള തൊഴിലാളിയുടെ വിഹിതം അടിസ്ഥാന വേതനത്തെക്കൂടി ആശ്രയിച്ചിരിക്കുന്നതിനാൽ മാസം തോറും കയ്യിൽ കിട്ടുന്ന ടേക്ക് ഹോം സാലറിയിൽ നേരിയ കുറവ് വരാൻ സാദ്ധ്യതയുണ്ട്. പക്ഷെ അത്രയും തുക തന്നെ തൊഴിലുടമയും വിഹിതമായി അടക്കുന്നതിനാൽ തൊഴിലാളി ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ഒരു നല്ല തുക ഒരുമിച്ചും പെൻഷൻ ആയും ലഭിക്കുന്നതാണ്. അതുപോലെ തന്നെ ഗ്രാറ്റുവിറ്റി, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളിലും വർദ്ധന സംഭവിക്കും.
രജിസ്ട്രേഷൻ
സ്ഥാപനങ്ങൾ ഏതെങ്കിലും ഒരു നിയമപ്രകാരം രജിസ്റ്റർ ചെയ്താൽ പിന്നീട് മറ്റു രജിസ്ട്രേഷനുകൾ അനിവാര്യമല്ല എന്നുള്ളത് തൊഴിലുടമകൾക്കു ആശ്വാസം നൽകുന്നു. 300 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ മുൻകൂർ അനുമതി വേണ്ട എന്നതാണ് മറ്റൊരു പ്രധാന സംഗതി. നിലവിൽ ഇത് 100 തൊഴിലാളികൾ ആയിരുന്നു. സ്ഥാപനങ്ങളിലെ 51% തൊഴിലാളികളുടെ പിന്തുണയുള്ള ട്രേഡ് യൂണിയനുകൾക്കേ പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിക്കൂ എന്നുള്ളത് മറ്റൊരു പ്രധാന നിബന്ധനയാണ്. അതുപോലെ സമരങ്ങൾക്ക് ഇനി 14 ദിവസങ്ങൾക്ക് മുൻപ് നോട്ടീസ് നൽകിയിരിക്കണം എന്നും അനുശാസിക്കുന്നു. ഇത് തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഇടയാക്കും എന്നും അവകാശങ്ങളുടെ മേൽ ഉള്ള കടന്നുകയറ്റം ആണെന്നും രാജ്യത്തെ തൊഴിൽ സംഘടനകൾ പരാതിപ്പെടുന്നു.
ഓൺലൈൻ ആയി ജോലി ചെയ്യുന്നവർ, റിമോർട്ട് വർക്ക് ചെയ്യുന്നവർ, കരാർ ജീവനക്കാർ എന്നിങ്ങനെയുള്ളവരെയും പൊതുവെ ഗിഗ് വർക്കേഴ്സ് എന്ന് അറിയപ്പെടുന്നവരെയും ഇതിന്റെ പരിധിയിലേക്കു കൊണ്ടുവരാൻ ഈ പുതിയ നിയമം സഹായിക്കുന്നുണ്ട്. തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നിയമങ്ങളാണ് എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ദൂരവ്യാപകമായ ഗുണദോഷങ്ങൾ കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.
ജി. മനോജ്കുമാർ
സി.ഇ.ഒ & ലീഡ് ഹ്യൂമൻ റിസോഴ്സ് ട്രെയിനർ