പൊതുഗതാഗതത്തെ സംരക്ഷിക്കുന്നതിനു തമിഴ്നാട് സർക്കാർ 50 ലക്ഷം സ്ത്രീകൾക്കു സൗജന്യയാത്രയുൾപ്പെടെ ഇളവുകൾ നൽകി തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനെ പൊതുജന ക്ഷേമ സർവീസ് എന്ന നിലയിൽ കയ്യയച്ചു സഹായിക്കുമ്പോഴാണു സർവീസ് കുറച്ചും ജീവനക്കാർക്കു ശമ്പളം ഗഡുക്കളായി നൽകി ബുദ്ധിമുട്ടിച്ചും കേരള സർക്കാർ പൊതുഗതാഗതത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നത്.
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ പ്രവർത്തന രീതികൾ പഠിക്കാൻ കഴിഞ്ഞദിവസം ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ സംഘം ചെന്നൈയിലെത്തിയിരുന്നു. സർക്കാർ സഹായത്താലാണ് അവിടെ പൊതുഗതാഗതം കുഴപ്പമില്ലാതെയും പരാതിയില്ലാതെയും പോകുന്നതെന്നു മനസ്സിലായെങ്കിലും ഒന്നുകൂടി പഠിക്കാൻ അടുത്ത സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ജോയിന്റ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിൽ നാലംഗ സംഘം അടുത്തയാഴ്ച വീണ്ടും ചെന്നൈയിലേക്കു പോകും.