തമിഴ്‌നാട്ടിൽ പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഒല; 7,614 കോടി നിക്ഷേപിക്കും

തമിഴ്‌നാട് സർക്കാരുമായി, ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ച് ഒല. 2024 ഓടെ നാലു ചക്ര ഇലക്ട്രിക്  വാഹനങ്ങൾ പുറത്തിറക്കാനുള്ള ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ പദ്ധതിക്ക് ഇതോടെ  കൂടുതൽ മുന്നേറ്റമായി. കൃഷ്ണഗിരി ജില്ലയിൽ 20 ജിഗാ വാട്ട് ബാറ്ററി നിർമ്മാണ യൂണിറ്റ് ആരംഭിക്കും. പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതോടു കൂടി ഏകദേശം 3,111 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒലയ്ക്ക് സാധിക്കും. ടൂവീലർ, കാർ, ലിഥിയം സെൽ ഗിഗാ ഫാക്ടറികൾ എന്നിവയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബായി ഇത് മാറിയേക്കും

കമ്പനിയുടെ പോച്ചംപള്ളിയിലെ യൂണിറ്റിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ നിക്ഷേപം ഈ നീക്കം ഹൊസൂർ-കൃഷ്ണഗിരി-ധർമ്മപുരി (എച്ച്‌കെഡി) മേഖലയുടെ ഇലക്ട്രിക് വാഹനങ്ങളുടെയും അനുബന്ധ യൂണിറ്റുകളുടെയും ഹബ് എന്ന പദവി ഉയർത്തും. ഒലയെ കൂടാതെ, എഥർ, ടിവിഎസ് മോട്ടോർ എന്നിവയും ഹൊസൂരിനടുത്തുള്ള അവരുടെ യൂണിറ്റുകളിൽ നിന്ന് ഇവികൾ നിർമ്മിക്കുന്നുണ്ട്. 

“തമിഴ്‌നാട്ടിൽ സംയോജിത ടൂവീലർ, കാർ, ലിഥിയം സെൽ ഗിഗാഫാക്‌ടറികൾ എന്നിവയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബ് ഒല സ്ഥാപിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഭവിഷ് അഗർവാളും തമ്മിലാണ് കരാർ ഒപ്പിട്ടത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 500 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ഒരു കാർ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.  ഒല ഇലക്ട്രിക് മൊബിലിറ്റി അതിന്റെ അനുബന്ധ കമ്പനികളായ ഓല സെൽ ടെക്നോളജീസ്, ഒല ഇലക്ട്രിക് ടെക്നോളജീസ് എന്നിവ വഴി കരാർ ഒപ്പുവച്ചു. മൊത്തം നിക്ഷേപത്തിൽ ഏകദേശം 5,114 കോടി രൂപ സെൽ നിർമാണ പ്ലാന്റിലേക്കും ബാക്കി 2,500 കോടി രൂപ ഫോർ വീലർ നിർമാണ യൂണിറ്റിലേക്കും പോകും. പ്രതിവർഷം 1,40,000 ഇലക്ട്രിക് ഫോർ വീലറുകൾ നിർമ്മിക്കാൻ ഒരു യൂണിറ്റ് സ്ഥാപിക്കാനാണ് പദ്ധതി. 2024 ഓടെ കാറുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. ആദ്യ കാറിന്റെ വില 50,000 ഡോളറിൽ താഴെയായിരിക്കുമെന്ന് കഴിഞ്ഞ വർഷം ഭവിഷ്  അഗർവാൾ സൂചിപ്പിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാണ യൂണിറ്റുകളിലൊന്നായി ഓലയുടെ ഹൊസൂരിലെ പ്ലാന്റ് അറിയപ്പെടുന്നുണ്ട്. തമിഴ്‌നാട് പുതിയ ഇവി നയവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് കമ്പനിയുടെ ഇപ്പോഴത്തെ പ്രഖ്യാപനം

Leave a Reply

Your email address will not be published. Required fields are marked *