ഡോളറുമായുള്ള വിനിമയത്തിൽ റെക്കോർഡ് ഇടിവ് . ഡോളറൊന്നിന് 26 പൈസ ഇടിഞ്ഞാണ് രൂപ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിലവാരമായ 83.08ൽ എത്തിയത്. ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ 83.04 നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയത്. ഡോളറിനെതിരെ 82.94 രൂപ വരെ ഉയർന്നെങ്കിലും പിന്നീട് ഇടിഞ്ഞു. ഡോളർ കരുത്താർജിക്കുന്നതിനാൽ രൂപ തുടർന്നുള്ള ദിവസങ്ങളിലും ഇടിവു രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. ഓഹരിവിപണിയിൽനിന്ന് വിദേശ ധനസ്ഥാപനങ്ങൾ വൻതോതിൽ പണം പിൻവലിച്ചുകൊണ്ടിരിക്കുന്നതും രൂപയ്ക്ക് ക്ഷീണമാകുന്നുണ്ട്. അതേസമയം, രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിയുന്നത് രൂപയ്ക്ക് താങ്ങാകുമെന്നാണ് പ്രതീക്ഷ. ക്രൂഡ് വില ബാരലിന് 0.33 ശതമാനം ഇടിഞ്ഞ് 86.52 നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്.
അതേസമയം, യൂറോപ്യൻ വിപണികളിലെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും ഇന്നലെ ഉണർവുണ്ടായി. സെൻസെക്സ് 79.27 പോയിന്റ് ഉയർന്ന് 65,401.92 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 500 പോയിന്റുവരെ ഇടിഞ്ഞിരുന്നു. നിഫ്റ്റി 6.25 പോയിന്റ് കൂടി 19,434.55ലും ക്ലോസ് ചെയ്തു. വെള്ളിയാഴ്ച മാത്രം വിദേശ ധനസ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽനിന്ന് വിറ്റൊഴിഞ്ഞത് 3,073 കോടി രൂപയുടെ ഓഹരികളാണ്. ഇന്നലെ വിറ്റത് 2,324 കോടിയുടെ ഓഹരികൾ.