ഡെറിവേറ്റീവ് ട്രേഡിങിൽ ചെറുകിടക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുകളിൽ വീണ്ടും ആശങ്ക

ഉയർന്ന തൊഴിലില്ലായ്മ, വേതനം ഉയരാത്തത്, നിരാശ, സമ്പന്നരുടെ ഉയർന്ന ജീവിത രീതികൾ, പളപളപ്പാർന്ന ഉപഭോഗ സംസ്കാര പരിപാടികൾ എന്നിവയെല്ലാം കാരണം എങ്ങനെയും പണമുണ്ടാക്കണമെന്നുള്ള ചിന്ത കൂടുന്നവരാണ് പലപ്പോഴും ഡെറിവേറ്റീവ് വ്യാപാരികളുടെയും ഫിൻഫ്ലുൻസർമാരുടെയും കെണിയിൽ എളുപ്പം വീഴുന്നത്. എളുപ്പമുള്ള പണത്തിന്റെ മോഹം അപ്രതിരോധ്യമായിക്കൊണ്ടിരിക്കുകയാണ്. ഡെറിവേറ്റീവ് വ്യാപാരത്തിന്റെ അപകട സാധ്യതകളെ കുറിച്ച് സിറോദ, അപ്സ്റ്റോക് തുടങ്ങിയ സേവന ദാതാക്കൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യുമ്പോൾ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഡെറിവേറ്റീവ് വ്യാപാരം കുറയുന്നില്ല.

ഡെറിവേറ്റീവ് ട്രേഡിങിൽ പത്തിൽ ഒമ്പത് വ്യാപാരികൾക്കും നഷ്ടം സംഭവിക്കുന്നുവെന്ന ആവർത്തിച്ചുള്ള സെബിയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് പിന്നെയും ഈ മേഖലയിൽ വ്യാപാരം കൂടുകയാണ്. ഈ ഊഹക്കച്ചവടം റെഗുലേറ്റർമാർക്ക് തലവേദന ഉണ്ടാക്കുന്ന രീതിയിലാണ് ഇപ്പോൾ വളരുന്നത്. ഫ്യൂച്ചറുകളിലും ഓപ്ഷനുകളിലും നിലവിലുള്ള വ്യാപാരം ഇപ്പോൾ അടിസ്ഥാന ക്യാഷ്-മാർക്കറ്റ് വിറ്റുവരവിനേക്കാൾ 400 മടങ്ങ് വലുതാണ്. ഇതാണ് സെബിക്ക് ആശങ്ക ഉണ്ടാക്കുന്നത്.
ഓഹരി വിപണിയിലെ മാറ്റം

1990കളിലെ ഓഹരി വിപണിയെ അപേക്ഷിച്ച് ഇപ്പോൾ ഇന്ത്യൻ ഓഹരി പല രീതിയിലും മാറിയിട്ടുണ്ട്. സാങ്കേതികവിദ്യ പ്ലാറ്റ് ഫോമുകൾ തൊട്ട് ഓഹരികൾ വാങ്ങാൻ ടിപ്പ് നൽകുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ വരെയുള്ള മാറ്റങ്ങൾ വ്യാപാരികളെയും സ്വാധീനിച്ചിട്ടുണ്ട്. 1990 കളിൽ ഓഹരി വിപണിയെ കുറിച്ച് നല്ല അറിവ് ഉള്ളവർക്ക് മാത്രമേ വ്യാപാരം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ എങ്കിൽ ഇപ്പോൾ ആർക്കും വ്യാപാരം ചെയ്യാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. അതുമൂലമുള്ള ചൂഷണം ഓഹരി വിപണിയിൽ കൂടുന്നതിന്റെ ഒരു തെളിവാണ് ഡെറിവേറ്റീവ് വ്യാപാരത്തിലെ വൻ വർദ്ധനവ് എന്ന് വിദഗ്ധർ പറയുന്നു.ഡെറിവേറ്റീവ് വ്യാപാരത്തിലെ വൻ നഷ്ടം മൂലം ആത്മഹത്യകൾ കൂടുതലായി കഴിഞ്ഞ പത്ത് വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന കണക്കുകളും ഇതോടു കൂട്ടി വായിക്കാം.

2019 മുതൽ ഇന്ത്യയുടെ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്‌ഷൻ വ്യാപാരികളുടെ എണ്ണത്തിൽ 500 ശതമാനം കുതിച്ചുചാട്ടം ഉണ്ടായതും വീണ്ടും ഇപ്പോഴും കൂടുന്നതും സെബിക്ക് വൻ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
മറ്റ് എമർജിങ് സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യക്ക് വരും വർഷങ്ങളിൽ വൻ വളർച്ചയുണ്ടാകുമെന്ന പ്രവചങ്ങൾ മൂലം വീണ്ടും ഓഹരി വിപണിയിൽ പണം കുമിയുകയാണ്.

ഇതിനിടയിൽ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ ഫിൻഫ്ലുൻസർമാരുടെയും, തട്ടിപ്പുകാരുടെയും ടിപ്പുകൾ സ്വീകരിച്ച് വ്യാപാരം നടത്തുന്നവരാണ് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തി വെക്കുന്നത്. വ്യക്തിഗത ലെവറേജ്‌ നിയന്ത്രിക്കുക മാത്രമേ ഓഹരി വിപണിയിൽ ചെറുകിടക്കാർക്ക് നഷ്ടം കുറക്കാൻ മാർഗമുള്ളൂ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *