ഡിസ്നി ഇന്ത്യയുടെ മേജര്‍ ഓഹരികള്‍ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന് വിൽക്കാൻ വാള്‍ട്ട് ഡിസ്നി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിലയന്‍സ് ജിയോ ടിവി, ജിയോ സിനിമ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഡിസ്നി ഇന്ത്യയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിനെ പ്രതിസന്ധിയിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് ഡിസ്നി നിയന്ത്രിത ഓഹരികള്‍ വിറ്റഴിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 10 ബില്യൺ ഡോളറിന്‍റെ ഇടപാടാണ് നടക്കാന്‍ സാധ്യതയെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ കുറച്ച് ശതമാനം ഓഹരികൾ ഡിസ്നി കൈവശം വെക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കരാറിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് റോയിട്ടേഴ്സിന്റെ ചോദ്യത്തോട് ഡിസ്നിയും റിലയൻസും പ്രതികരിച്ചില്ല.