മ്യൂച്ചൽ ഫണ്ട് – ഡീമാറ്റ് നാമനിർദ്ദേശത്തിനുള്ള അവസാന തീയതി
നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്കും മ്യൂച്വൽ ഫണ്ട് യൂണിറ്റ് ഉടമകൾക്കും നോമിനേഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി 2023 ഡിസംബർ 31-ന് അവസാനിക്കും. ഫിസിക്കൽ ഷെയറുകൾ കൈവശമുള്ളവർക്ക് പാൻ, നോമിനേഷൻ, കോൺടാക്റ്റ് വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് എന്നിവ സമർപ്പിച്ചില്ലെങ്കിൽ ഫോളിയോകൾ മരവിപ്പിക്കുമെന്ന് സെബി അറിയിച്ചു. .
UPI ഐഡികൾ നിർജീവമാക്കും
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) Google Pay, Paytm, PhonePe തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളോടും ബാങ്കുകളോടും ഒരു വർഷത്തിലേറെയായി സജീവമല്ലാത്ത UPI ഐഡികളും നമ്പറുകളും നിർജ്ജീവമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, തേർഡ് പാർട്ടി ആപ്പ് പ്രൊവൈഡറും (TPAP) പേയ്‌മെന്റ് സേവന ദാതാക്കളും (PSP) ഇത് ചെയ്യണം. 2023 ഡിസംബർ 31-നകം ഇത് നടപ്പിലാക്കണം.
മുൻകൂർ നികുതി അടയ്ക്കാനുള്ള സമയപരിധി
മുൻകൂർ നികുതിയുടെ മൂന്നാം ഗഡു അടയ്‌ക്കാനുള്ള അവസാന തീയതി ഡിസംബർ 15. മുൻകൂർ നികുതി അടയ്ക്കാൻ അർഹതയുണ്ടെങ്കിലും സമയപരിധിക്കുള്ളിൽ അത് അടയ്ക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് പിഴ ചുമത്തും. സധാരണയായി, ഒരു വരുമാനം നൽകുമ്പോൾ നികുതികൾ സ്രോതസ്സിൽ നിന്ന് TDS ആയി കുറയ്ക്കുന്നു. എന്നാൽ ഉയർന്ന ശമ്പളമുള്ള വ്യക്തികൾ മുൻകൂർ നികുതി അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും. വരുമാനം ലഭിക്കുന്ന അതേ സാമ്പത്തിക വർഷത്തിനുള്ളിൽ അടക്കുന്ന നികുതിയെ മുൻകൂർ നികുതി എന്ന് വിളിക്കുന്നു. ഇത് നാല് ഗഡുക്കളായാണ് നൽകുന്നത്, സാമ്പത്തിക വർഷാവസാനം ഒറ്റത്തവണയായിട്ടല്ല.
വൈകിയ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യൽ
ഇക്കഴിഞ്ഞ ജൂലൈ 31 എന്ന യഥാർത്ഥ സമയപരിധിക്കുള്ളിൽ ഇതുവരെ ഫയൽ ചെയ്തിട്ടില്ലാത്ത നികുതിദായകർക്ക് പുതുക്കിയതോ വൈകിയതോ ആയ റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള അവസാന ദിവസമാണ് ഡിസംബർ 31. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എഫ് പ്രകാരം, വൈകിയുള്ള റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ₹5,000 ഫീസ് ഈടാക്കുന്നു. ഒരു സാമ്പത്തിക വർഷത്തിൽ മൊത്തം വരുമാനം ₹5 ലക്ഷത്തിൽ കൂടാത്ത നികുതിദായകർക്ക്, കാലതാമസത്തിനുള്ള പരമാവധി പിഴ ₹1,000 ആണ്. കൂടാതെ, നികുതി അടയ്‌ക്കേണ്ടതുണ്ടെങ്കിൽ, നികുതിദായകർ ഐടിആർ ഫയൽ ചെയ്യുന്നത് വരെ നിശ്ചിത തീയതി അവസാനിച്ചതിന് ശേഷം പ്രതിമാസം 1% പലിശ ഈടാക്കും.
ബാങ്ക് ലോക്കർ കരാർ സമയപരിധി
2023 ഡിസംബർ 31-നകം ലോക്കർ കരാറുകൾ പുതുക്കുന്നതിനുള്ള നടപടികൾ ഘട്ടം ഘട്ടമായി പൂർത്തിയാക്കാൻ ബാങ്കുകൾക്ക് സമയപരിധി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഉടമകൾ ലോക്കർ കരാറിൽ ഒപ്പുവെച്ച് ബാങ്കിന് സമർപ്പിക്കണം.