ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഭൂവുടമകളെ നേരിട്ട് അറിയിക്കാൻ ജാഗ്രതാ സമിതി

ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഭൂവുടമകളെ നേരിട്ട് അറിയിക്കാൻ സർവേ ജാഗ്രതാ സമിതി അംഗങ്ങൾ വീട്ടിലെത്തും. സ്ഥലത്തില്ലാത്ത ഭൂവുടമകളെ സർവേ വിവരങ്ങൾ അറിയിക്കുന്നതും രാഷ്ട്രീയപ്രവർത്തകർ അടക്കമുള്ള സന്നദ്ധപ്രവർത്തകർ അടങ്ങുന്ന ഈ സമിതികളായിരിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സർവേ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ റവന്യു വകുപ്പ് അനുമതി നൽകി. 

ഓരോ വാർഡിലും 10 – 20 സന്നദ്ധപ്രവർത്തകരെ സമിതി അംഗങ്ങളായി വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തും. ഇതിനായി റസിഡന്റ്സ് അസോസിയേഷനുകൾ, നാഷനൽ സർവീസ് സ്കീം , രാഷ്ട്രീയ, സാമൂഹിക, മത സംഘടനകൾ എന്നിവയുടെ സഹായവും തേടും. ഭൂമിയുടെ അതിർത്തി വ്യക്തമാകാൻ കാടു വെട്ടിത്തെളിക്കുന്നതിനും മറ്റു തടസ്സങ്ങൾ ഒഴിവാക്കുന്നതിനും ഭൂവുടമകളെ പ്രേരിപ്പിക്കുന്നതും രേഖകൾ കരുതിവയ്ക്കാൻ ആവശ്യപ്പെടുന്നതും സ്ഥലത്തില്ലാത്ത ഭൂവുടമകളെ അറിയിക്കുന്നതുമെല്ലാം സമിതികളാണ്.

സർവേയുടെ പുരോഗതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വാർഡ് അംഗങ്ങളെയാകും അറിയിക്കുക. സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പു രാഷ്ട്രീയവൽക്കരിക്കപ്പെടുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. റവന്യു, സർവേ ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ അറിയിച്ചു നടപടികൾ പൂർത്തിയാക്കുന്നതായിരുന്നു നിലവിലെ രീതി. ഭൂവുടമകൾ സ്ഥലത്തില്ലാത്തതിനാലും ഭൂമി അതിർത്തികൾ കണ്ടെത്താൻ പ്രയാസപ്പെടുന്നതിനാലും സർവേ  വൈകുന്നതു മൂലമാണ് ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതെന്നാണു സർവേ വകുപ്പിന്റെ നിലപാട്. ജില്ലാ കലക്ടർമാർ തദ്ദേശ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരായ ജോയിന്റ് ഡയറക്ടർമാരുമായി ചേർന്നു സമിതി രൂപീകരണവും നടപടികളുടെ ഏകോപനവും നടത്താനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *