വൈദ്യുതി ബോർഡിന്റെ 13 ഡാമുകളിൽ നിന്നു പുറന്തള്ളുന്ന വെള്ളം വീണ്ടും പമ്പു ചെയ്ത് കയറ്റി 6155 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ ടിഎച്ച്ഡിസിഐഎല്ലും അനെർട്ടും തമ്മിൽ ധാരണാ പത്രം ഒപ്പു വയ്ക്കുന്നു.
വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഡാമുകളിലേക്ക് വെള്ളം പമ്പ് ചെയ്തു കയറ്റാനുള്ള അവകാശം മറ്റൊരു ഏജൻസിയുമായുള്ള ധാരണാ പത്രത്തിലൂടെ കൈമാറാൻ നിയമതടസ്സമുണ്ട്. കമ്പനി എന്ന നിലയിൽ ബോർഡിന്റെ സ്വത്തുക്കൾ മറ്റൊരാൾക്ക് കൈമാറാൻ സാധിക്കില്ല. ഇതു നടപ്പാക്കണമെങ്കിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയും ആവശ്യമാണ്. കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ഇത്തരമൊരു ധാരണാപത്രം നിലനിൽക്കുമോ എന്നു സംശയമുണ്ട്.
കക്കി–മൂഴിയാർ, ചെങ്കുളം–കല്ലാർകുട്ടി, പൊന്മുടി–കല്ലാർകുട്ടി, കല്ലാർകുട്ടി–ലോവർ പെരിയാർ, ഷോളയാർ–ഇടമലയാർ, പെരിങ്ങൽക്കുത്ത്–ഇടമലയാർ, ഷോളയാർ–പറമ്പിക്കുളം, കക്കയം–പെരുവണ്ണാമൂഴി, ശിരുവാണി–കാഞ്ഞിരപ്പുഴ, ശിരുവാണി –മലമ്പുഴ, പള്ളിവാസൽ, ഇടമലയാർ, ഇടുക്കി നിലയങ്ങളിലാണ് ഈ രീതിയിൽ 6155 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുക എന്നു കരടു ധാരണാപത്രത്തിൽ പറയുന്നു. കേന്ദ്ര സർക്കാരിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിൽ ഉള്ള സ്ഥാപനമാണ് ടിഎച്ച്ഡിസിഐഎൽ(ടെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷൻ ഇന്ത്യ ലിമിറ്റഡ്). സൗരോർജ, കാറ്റാടി വൈദ്യുതി ഉൽപാദനം വർധിപ്പിക്കാനുള്ള കേന്ദ്ര നയം കാരണം അടുത്ത 2 വർഷത്തിനുള്ളിൽ രാജ്യത്തെ വിതരണ ശൃംഖലയിൽ വലിയ ഏറ്റക്കുറച്ചിൽ ഉണ്ടാകാം. ഇത്തരം നിലയങ്ങളിൽ നിന്നുള്ള ഉൽപാദനത്തിലെ വ്യതിയാനമാണ് കാരണം. ഈ സാഹചര്യത്തിൽ വിതരണ ശൃംഖലയ്ക്കു കരുത്തേകാൻ പരമാവധി ജലവൈദ്യുത നിലയങ്ങൾ സ്ഥാപിക്കണമെന്നാണ് കേന്ദ്ര നയം. ഇതിനായി സാമ്പത്തിക സഹായം നൽകാൻ കേന്ദ്രം തയാറാണ്. ഇതു പ്രയോജനപ്പെടുത്താൻ ടിഎച്ച്ഡിസിഐഎൽ രംഗത്തിറങ്ങിയിരിക്കുകയാണ്.
കരടു ധാരണാപത്രം അനുസരിച്ച്, പമ്പിങ് നിലയങ്ങൾ സ്ഥാപിക്കുന്ന കമ്പനിയിലെ 74% ഓഹരിയും ടിഎച്ച്ഡിസിഐഎല്ലിന് ആയിരിക്കും. ശേഷിക്കുന്നത് അനെർട്ടിന് ആണ്. ടിഎച്ച്ഡിസിഐഎല്ലിന്റെ ചെയർമാൻ തന്നെ ആയിരിക്കും ഈ കമ്പനിയുടെയും ചെയർമാൻ. ജലവൈദ്യുത നിലയങ്ങളുടെ പവർ ഹൗസിൽ നിന്നു പുറന്തള്ളുന്ന വെള്ളം പമ്പ് ചെയ്ത് മുകളിലേക്ക് കയറ്റാൻ വൈദ്യുതി ആവശ്യമായതിനാൽ ഇങ്ങനെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കു വില കൂടുതലായിരിക്കും. ധാരണാ പത്രം നടപ്പാക്കുന്നതു നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനും ഊർജ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ അംഗങ്ങളുമായി ഉന്നത തല സമിതിയും ഉണ്ടാകും.