ട്വിറ്ററിൽ നീല ടിക് സേവനങ്ങൾക്ക് പരമാവധി 8 ഡോളർ വരെ ഈടാക്കും

നിലവിലുള്ള എല്ലാ വെരിഫൈഡ് അക്കൗണ്ടുകളും ‘നീല ടിക്’ നിലനിർത്താൻ പരമാവധി തുകയായ 8 ഡോളർ (ഏകദേശം 660 രൂപ) പ്രതിമാസം നൽകിയാൽ ട്വിറ്ററിന് പ്രതിമാസം അധികവരുമാനമായി ലഭിക്കുക ഏകദേശം 28.05 കോടി രൂപ. എന്നാൽ ഓരോ രാജ്യത്തിന്റെയും വാങ്ങൽശേഷി തുല്യതയുടെ (പർച്ചേസിങ് പവർ പാരിറ്റി– പിപിപി) അടിസ്ഥാനത്തിലായിരിക്കും ചാർജ് എന്നതിനാൽ ഇത്രയും പണം ട്വിറ്ററിന് ലഭിക്കണമെന്നില്ല. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ട്വിറ്ററിലുള്ള വെരിഫൈഡ് പ്രൊഫൈലുകളുടെ എണ്ണം 4.23 ലക്ഷമാണ്. 

വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രൊഫൈലുകളുടെ ആധികാരികത സാക്ഷ്യപ്പെടുത്താൻ നിലവിൽ ട്വിറ്റർ സൗജന്യമായാണ് നീല ടിക് മാർക് നൽകുന്നത്. എന്നാൽ ഈ ‘നീല ടിക്’ അടക്കമുള്ള പ്രീമിയം സേവനങ്ങൾക്ക് പ്രതിമാസം പരമാവധി 8 ഡോളർ വരെ ഈടാക്കാനാണ് കമ്പനി ഏറ്റെടുത്ത ഇലോൺ മസ്കിന്റെ തീരുമാനം. നീല ടിക് അടക്കം ട്വിറ്ററിന്റെ പ്രീമിയം സേവനങ്ങൾ അടങ്ങുന്ന ‘ട്വിറ്റർ ബ്ലൂ’ പാക്കേജിനായിരിക്കും ചാർജ്. റിപ്ലൈ, മെൻഷൻ, സെർച് എന്നിവയിൽ മുൻഗണന, ദൈർഘ്യമേറിയ വിഡിയോയും ഓഡിയോയും പോസ്റ്റ് ചെയ്യാൻ സൗകര്യം, കുറവ് പരസ്യങ്ങൾ തുടങ്ങിയവയാണ് സേവനങ്ങൾ.

വാങ്ങൽശേഷി (പിപിപി) അനുസരിച്ചാണെങ്കിൽ 660 രൂപ ഇന്ത്യൻ ഉപയോക്താക്കൾ നൽകേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ. വിവിധ കറൻസികളുടെ വാങ്ങൽശേഷി തുല്യതയാണ് പിപിപി ആയി അളക്കുക. ലോക ബാങ്കിന്റെ 2021ലെ കണക്കനുസരിച്ച് ഒരു ഡോളറിന് പിപിപി നിരക്കായി നിശ്ചയിച്ചിരിക്കുന്നത് 23 രൂപയാണ്. അങ്ങനെയെങ്കിൽ 8 ഡോളറിന് ഏകദേശം 184 രൂപ നൽകിയാൽ മതിയാകുമെന്നാണ് വിലയിരുത്തൽ. ഇതേ രീതി തന്നെയാണോ ട്വിറ്റർ അവലംബിക്കുകയെന്നു വ്യക്തമല്ല. 

Leave a Reply

Your email address will not be published. Required fields are marked *