ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം.

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം 14 ദിവസത്തേക്കു നിർത്തിവയ്ക്കാൻ വസ്ത്ര നിർമാതാക്കളുടെ തീരുമാനം. പരുത്തി നൂലിന്റെയും പഞ്ഞിയുടെയും വിലവർധനയും സംഭരണത്തിലെ പോരായ്‌മയും വൈദ്യുതി ചാർജ് വർധനയും കാരണം ഒരു മീറ്റർ തുണി നിർമിക്കാൻ 3 മുതൽ 4 രൂപ വരെ നഷ്‍ടം നേരിടുന്നുണ്ട്. ദീപാവലി, പൊങ്കൽ വിപണി പ്രതീക്ഷിച്ചു വലിയ തോതിൽ തുണി നിർമിച്ചെങ്കിലും വിൽപന കുറഞ്ഞെന്നും നിർമാതാക്കൾ പറയുന്നു.

തൊഴിൽ ദിനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പണിമുടക്ക് ഒഴിവാക്കി കുറച്ചു നാളത്തേക്കു 40% ഉൽപാദനം നിർത്തിവയ്ക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും പ്രതിസന്ധി കനത്തതോടെ രണ്ടാഴ്ച നിർമാണം പൂർണമായും നിർത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കു കയാണെന്നു നിർമാതാക്കൾ പറഞ്ഞു. ഇതിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്കു മില്ലുകളിൽ നിന്നു നൂൽ വാങ്ങുന്നതു നിർത്തിവച്ചു

തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിൽ ഉൾപ്പെട്ട 300 വലിയ തുണി നിർമാണ യൂണിറ്റുകളും നൂറുകണക്കിനു നെയ്ത്ത് യൂണിറ്റുകളും 14 ദിവസം അടഞ്ഞു കിടക്കും. വിപണിയിൽ പുതിയ പരുത്തിയുടെ വരവു കുറഞ്ഞതാണു നൂൽവില വർധിക്കാൻ കാരണമായതെന്നാണു ടെക്സ്റ്റൈൽ വകുപ്പ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *