ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം

ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം.  കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂർ, ബേക്കൽ, മൂന്നാർ തുടങ്ങിയ കേന്ദ്രങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. ടൂറിസം മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രാഥമിക ചെലവുകൾക്ക് 10 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 

കേരള ടൂറിസം 2.0യുടെ ഒരു സവിശേഷത ഏഴ് ടൂറിസം ഇടനാഴികളെ കണ്ടെത്തിയായിരിക്കും ഇത് ചെയ്യുന്നത് എന്നതാണ്. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാൽ ഇടനാഴി, ദേശീയപാത ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹിൽ ടൂറിസം ഇടനാഴി, റെയിൽവേ ഇടനാഴി എന്നിവയാണ് ടൂറിസം ഇടനാഴികൾ. സംസ്ഥാനത്തെ അടിസ്ഥാന വികസന പദ്ധതികളുമായി കൈകോർത്ത് ഇവ വികസിപ്പിക്കും. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി ഈ വർഷം 50 കോടി രൂപ അനുവദിക്കുന്നു.

എയർ സ്ട്രിപ്പുകൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായി വിനോദ സഞ്ചാരം, അന്തർ ജില്ലാ വിമാനയാത്ര എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ദുരന്ത പ്രതികരണ മാനേജ്മെന്റിനെ സഹായിക്കുന്നതിനും ഉദ്ദേശിച്ചുള്ള നോഫിൾ എയർ സ്ട്രിപ്പുകളുടെ ശൃംഖല സ്ഥാപിക്കുന്നതിന് നടപടികൾ പ്രാരംഭഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ ഇടുക്കി, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ സാധ്യതാ പഠനം നടത്തുന്നതിനും ഡിപിആർ തയ്യാറാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തുടനീളം എയർസ്ട്രിപ്പുകൾ നടപ്പാക്കുന്നതിനായി ഒരു കമ്പനി പിപിപി മാതൃകയിൽ സ്ഥാപിക്കും. ഇതിനായി സർക്കാരിന്റെ ഇക്വിറ്റി പിന്തുണയുടെ രൂപത്തിൽ 20 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *