ടാറ്റ ടെക്നോളജീസിന്‍റെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) നവംബർ 22 മുതൽ 24 വരെ നടക്കും. പൂർണമായും ഓഫർ ഫോർ സെയിൽ നടക്കുന്ന ഐപിഒയിൽ 6.08 കോടി ഓഹരികൾ ആണ് വിൽക്കുക.
മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്സ് 11.41 % ഓഹരികൾ വിൽക്കും. ആൽഫ ടിസി ഹോൾഡിങ്സ് (2.40%), ടാറ്റ ക്യാപ്പിറ്റൽ ഗ്രോത്ത് ഫണ്ട് (1.20%) എന്നിവരാണ് ഓഹരികൾ വിൽക്കുന്ന മറ്റ് നിക്ഷേപകർ. ഐപിഒയുടെ 10 ശതമാനം ടാറ്റ ടെക്നോളജീസിലെ ജീവനക്കാർക്കും ടാറ്റ മോട്ടോഴ്സ് ഓഹരി ഉടമകൾക്കുമായി നീക്കിവച്ചിട്ടുണ്ട്. സമാഹരിക്കുന്ന തുക, ഓഹരികളുടെ പ്രൈസ് ബാൻഡ് എന്നിവ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അടുത്തിടെ ടാറ്റ മോട്ടോഴ്സ് , ടാറ്റ ടെക്നോളജീസിലെ 9.9 ശതമാനം ഓഹരികൾ ടിപിജി റൈസ് ക്ലൈമറ്റ് ഫണ്ടിനും (9 %) രത്തൻ ടാറ്റ എൻഡോവ്മെൻറ് ഫൗണ്ടേഷനും (0.9%) വിറ്റിരുന്നു. 1,467 കോടി രൂപയ്ക്കാണ് ടിപിജി ഓഹരികൾ സ്വന്തമാക്കിയത്. ഈ ഓഹരി വിൽപ്പനയെ തുടർന്നാണ് നേരത്തെ നിശ്ചയിച്ചതിൽ (9.57 കോടി ഓഹരികൾ) നിന്നും ഐപിഒയുടെ വലുപ്പം ടാറ്റ കുറച്ചത്. 16,300 കോടി രൂപയാണ് ടാറ്റ ടെക്നോളജീസിൻറെ മൂല്യം. നേരത്തെ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിൽ 1 ബില്യൺ ഡോളറും ടിപിജി നിക്ഷേപിച്ചിരുന്നു.