ജൈവ കൃഷി പ്രോത്സാഹനം, കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്രo

കർഷകർക്കായി വിത്ത് ലഭ്യമാക്കാനും ജൈവ കൃഷി പ്രോത്സാഹനം, കാർഷികോൽപന്ന കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനാന്തര സഹകരണ സംഘ നിയമപ്രകാരം രൂപീകരിക്കുന്ന ഈ സൊസൈറ്റികളിൽ പ്രാഥമിക സഹകരണ സംഘങ്ങൾ, ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള ഫെഡറേഷനുകൾ, മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികൾ, കർഷക ഉൽപാദന സംഘടനകൾ തുടങ്ങി പ്രാഥമിക തലംമുതൽ ദേശീയ തലംവരെയുള്ള സഹകരണ സംഘങ്ങൾക്ക് അംഗമാകാമെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു.

ചരക്കുകളുടെ സംസ്കരണവും രാജ്യാന്തര നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതും സഹകരണ മേഖലയിൽ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള വിത്തുകളുടെ ഉൽപാദനം, സംഭരണം, സംസ്‌കരണം, ബ്രാൻഡിങ്, ലേബലിങ്, പാക്കേജിങ്, വിപണനം എന്നിവയ്ക്കായുള്ള ഉന്നത സംഘടനയായി വിത്ത് സംബന്ധിച്ച ദേശീയ സഹകരണ സൊസൈറ്റി പ്രവർത്തിക്കും. തന്ത്രപരമായ ഗവേഷണവും വികസനവും; തദ്ദേശീയമായ പ്രകൃതിദത്ത വിത്തുകൾ സംരക്ഷിക്കുന്നതിനു പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിക്കും. ജൈവ ഉൽപന്നങ്ങളുടെ സംയോജനം, പരിശോധന, സമാഹരണം, സംസ്കരണം, ബ്രാൻഡിങ്, ലേബലിങ്, പാക്കേജിങ്, ലോജിസ്റ്റിക് സൗകര്യങ്ങൾ, എന്നിവയ്ക്ക് ദേശീയ ഓർഗാനിക് പ്രോഡക്ട്സ് സഹകരണ സംഘം മുൻഗണന നൽകും. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, കർഷക ഉൽപാദന സംഘടനകൾ  ഉൾപ്പെടെയുള്ള അംഗത്വ സഹകരണ സംഘങ്ങൾ വഴിയുള്ള സാമ്പത്തിക സഹായം ലഭ്യമാക്കൽ എന്നിവയ്ക്കു സഹകരണസംഘം വ്യവസ്ഥാപിത പിന്തുണ നൽകും. അംഗീകൃത ജൈവോൽപന്ന പരിശോധനാ ലാബുകളേയും അംഗീകൃതസ്ഥാപനങ്ങളെയും എംപാനൽ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *