ജി-20 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പ്രതിനിധികളുടെ രണ്ടാമത്തെ ‘ഷെർപ്പ’ യോഗമാണ് മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ കുമരകം കെ.ടി.ഡി.സി.യുടെ പ്രീമിയം കായൽ റിസോർട്ടായ വാട്ടർ സ്‌കേപ്‌സിൽ നടക്കുന്നത്. വികസന വർക്കിങ് ഗ്രൂപ്പിന്റെ മറ്റൊരുയോഗവും ഏപ്രിൽ ആറുമുതൽ ഒൻപതുവരെ ഇവിടെ നടക്കും.ഇപ്പോൾ ജി-20 അധ്യക്ഷപദവി വഹിക്കുന്നത് ഇന്ത്യയാണ്. വിവിധ അന്താരാഷ്ട്രസംഘടനകളുടെ പ്രതിനിധികളും ചില കൂടിയാലോചനകളിൽ പ്രത്യേകം ക്ഷണിക്കപ്പെട്ടവരായി പങ്കെടുക്കും.
ഉദ്യോഗസ്ഥരുടെ പ്രധാനയോഗം കുമരകത്ത് നടക്കുന്നതിനാൽ തണ്ണീർമുക്കം ബണ്ടുമുതൽ ഇല്ലിക്കൽവരെയുള്ള റോഡ്നവീകരിക്കും. പത്തുകോടി രൂപയും അനുവദിച്ചു. ബി.എം.ബി.സി. നിലവാരത്തിലായിരിക്കും പണി. കൈപ്പുഴമുട്ട് മുതൽ ഇല്ലിക്കൽവരെയുള്ള ഭാഗം നേരത്തേ ബി.എം.ബി.സി. നിലവാരത്തിൽ ഉയർത്തിയതിനാൽ പുറമേയുള്ള ആദ്യ ലെയർ ടാറിങ് നടത്തും. ഇതോടെ വെച്ചൂരുകാരുടെ നീണ്ടനാളത്തെ ആവശ്യത്തിന് താത്കാലിക പരിഹാരമാകും.