വരും മാസങ്ങളിൽ തന്നെ ബിഎസ്എൻഎല്ലിന്റെ 5ജി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നത്. അഞ്ചു മുതൽ ഏഴുമാസത്തിനകം ബിഎസ്എൻഎൽ 5ജി ലഭ്യമാകുമെന്നാണ് കേന്ദ്ര ടെലികോം-റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്.
ബിഎസ്എൻഎല്ലിന്റെ രാജ്യത്തൊട്ടാകെയായുള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടെലികോം വികസന ഫണ്ട് വർധിപ്പിക്കാൻ ആലോചിക്കുന്നതായും മന്ത്രി സൂചിപ്പിച്ചു. 500 കോടിയിൽ നിന്നും 4000 കോടിയാക്കി ഉയർത്തുകയാണ് ലക്ഷ്യം.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ല് നവംബർ മുതൽ 4ജി നെറ്റ്‌വർക്ക് പുറത്തിറക്കി തുടങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത വർഷം ഓഗസ്റ്റിൽ 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും പറഞ്ഞിരുന്നു.18 മാസത്തിനുള്ളിൽ 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 4ജി നെറ്റ്വരക്കിന്റെ ആദ്യ റോൾ ഔട്ടാണ് നവംബറിൽ നടന്നത്.
ഇത് സംബന്ധിച്ച ചർച്ച ടിസിഎസുമായും സർക്കാർ നടത്തുന്ന ടെലികോം ഗവേഷണ വികസന സംഘടനയായ സി-ഡോട്ട് നയിക്കുന്ന കൺസോർഷ്യവുമായും നടത്തിവരികയാണെന്ന് നേരത്തെ സർക്കാര് അറിയിച്ചിരുന്നു. കമ്പനി വാങ്ങുന്ന 4ജി നെറ്റ്‌വർക്ക് ഗിയറുകൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൂടെയാണ് 5ജിയിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നത്. അടുത്ത വർഷം ഓഗസ്റ്റ് 15നകം ബിഎസ്എൻഎൽ 5ജിയിലേക്ക് മാറണമെന്നാണ് നിർദേശം