ലയനത്തോടെ ജിയോയും ഡിസ്നി ഹോട്സ്റ്റാറും ഇനി ഒന്ന്. ജിയോ ഹോട്സ്റ്റാർ. ഹോട്സ്റ്റാറിലെ സിനിമകളും സീരീസുകളും ഐപിഎൽ പോലുള്ള സ്പോർട്സ് പരിപാടികളുമെല്ലാം ഇനി ജിയോ വരിക്കാർക്കും ലഭിക്കും. ലയന ചർച്ചകളും മുന്നോടിയായുള്ള പരസ്പര സഹകരണവും മാസങ്ങളായി നടക്കുകയായിരുന്നെങ്കിലും യഥാർഥ ലയനം അടുത്തിടെയാണുണ്ടായത്.
ജിയോയുടെ വിപുലമായ ടെലികോം ശൃംഖല ഉപയോഗപ്പെടുത്തി ഹോട്സ്റ്റാറിന്റെ ഡിജിറ്റൽ ഉള്ളടക്കം ഇന്ത്യയിൽ പ്രചരിപ്പിക്കുകയും വരിക്കാർക്ക് ഇങ്ങനെയൊരു സൗകര്യം ലഭിക്കുന്നതിലൂടെ ജിയോയുടെ ആധിപത്യം ഇന്ത്യൻ വിപണിയിൽ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം. ഇരു കമ്പനികൾക്കും അതിനാൽ നേട്ടമാണ് ഡീൽ
നെറ്റ്ഫ്ലിക്സും പ്രൈമും സോണിലിവും ഡിസ്നി ഹോട്സ്റ്റാറിനു കാര്യമായ മത്സരം ഇന്ത്യയിൽ സൃഷ്ടിച്ചിരുന്നു. വരിക്കാരെ ലഭിക്കാനും ലഭിച്ചവരെ നിലനിർത്താനും ബുദ്ധിമുട്ടുകയായിരുന്നു ഹോട്സ്റ്റാർ. ജിയോയുമായി ചേരുമ്പോൾ ലക്ഷക്കണക്കിനു വരിക്കാരെ ഒറ്റയടിക്കു ലഭിക്കുകയാണ്. ജിയോയുടെ സിനിമകളും ലഭിക്കും. വരിക്കാർക്ക് സീരീസുകളും ഹോളിവുഡ് സിനിമകളും അടങ്ങുന്ന ഡിജിറ്റൽ ഉള്ളടക്കം ലഭിക്കാൻ മറ്റു കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിയും ചെലവും ജിയോയ്ക്ക് കുറയുകയും ചെയ്യും.
കൂടുതൽ ഇന്ത്യൻ ഭാഷകളിലും ഉള്ളടക്കം ലഭിക്കും. സാങ്കേതികവിദ്യ മെച്ചപ്പെടുകയും എഐ ഉപയോഗിച്ച് വരിക്കാരുടെ അഭിരുചി മനസ്സിലാക്കി അതനുസരിച്ചുള്ള ഉള്ളടക്കം നൽകുകയും ചെയ്യുന്ന രീതിയും ഹോട്സ്റ്റാറിലൂടെ വരുന്നതാണ്. വിപണനവും ഇനി ഒരുമിച്ചായിരിക്കും. ഏപ്രിൽ മുതൽ ഇരു കമ്പനികളുടെയും ധനകാര്യ വിഭാഗവും ഒരുമിച്ച് ഒറ്റ കമ്പനിയെന്ന പോലെ പ്രവർത്തിക്കും.
ലയനത്തോടെ 50 കോടിയിലധികം ഉപയോക്താക്കളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായി ജിയോ ഹോട്സ്റ്റാർ മാറി. ജിയോ ഹോട്സ്റ്റാർ ആരംഭിച്ചതോടെ ഇരു ആപ്പുകളും ഉപയോഗിക്കുന്നവർ ജിയോ ഹോട്സ്റ്റാർ സൈറ്റിലേക്കായിരിക്കും റി ഡയറക്ട് ചെയ്യപ്പെടുക. ഡിസ്നി ഹോട്സ്റ്റാർ ആപ് പുതിയ ജിയോ ഹോട്സ്റ്റാർ ആപ്പായി അപ്ഡേറ്റാകും.