ജിഎസ്ടി ശൃംഖലയിലെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇഡി) പങ്കുവയ്ക്കില്ലെന്ന് കേന്ദ്രം. ജിഎസ്ടി ശൃംഖലയെ കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) പരിധിയിൽകൊണ്ടുവന്ന വിജ്ഞാപനത്തിനെതിരെ സംസ്ഥാനങ്ങൾ വിമർശനമുയർത്തിയിരുന്നു. ഇതിനോടായിരുന്നു കേന്ദ്ര റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്രയുടെ പ്രതികരണം. വിവരങ്ങൾ ദുരുപയോഗിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉറപ്പുനൽകി.
ഇഡിക്ക് വ്യാപാരികളുടെ വിവരം നൽകുകയോ ഇഡി വിവരങ്ങൾ ഇതിലേക്ക് ചേർക്കുകയോ ചെയ്യുന്നില്ല. പകരം നികുതി വെട്ടിപ്പടക്കമുള്ള കാര്യങ്ങളിൽ നികുതി അധികാരികൾക്ക് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ നിന്ന് കൂടുതൽ വിവരം ലഭിക്കുന്നതിനാണ് വിജ്ഞാപനമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി ശൃംഖലയിലുള്ള വിവരങ്ങൾ കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കാര്യങ്ങൾക്ക് പങ്കുവയ്ക്കാമെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്യുമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആശങ്ക.