നൂതന രോഗനിർണ്ണയ ടെസ്റ്റിങ് സാങ്കേതികവിദ്യകൾക്കായി ജാപ്പനീസ് കമ്പനി ഫ്യുജിറെബിയോ ഹോൾഡിങ്സുമയി കൈകോർത്ത് അഗാപ്പെ ഡയ്ഗ്നോസ്റ്റിക്സ് ലിമിറ്റഡ്. എറണാകുളം ആസ്ഥാനമായി മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന അഗാപ്പെ രാജ്യത്തെ ഏറ്റവും വലിയ രാജ്യത്തെ രണ്ടാമത്തെ ഐവിഡി കമ്പനിയാണ്. ഡയ്ഗ്നോസ്റ്റിക്സ് ടെസ്റ്റിങ് സാങ്കേതികവിദ്യ, ഗവേഷണം എന്നിവയിൽ ആഗോളതലത്തിൽ പ്രധാനികളാണ് ഫ്യുജിറെബിയോ.
വിവിധ രോഗനിർണയ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന റീഏജന്‍റുകൾ ഇവർ സംയുക്തമായി നിർമിക്കും. കോൺട്രാക്ട് ഡെവലപ്മെന്‍റ് ആൻഡ് മാനുഫാക്ചറിങ് ഓർഗനൈസേഷൻ (സിജിഎംഒ) മാതൃകയിലാണ് ഇരു കമ്പനികളും സഹകരിക്കുന്നത്. കരാർ പ്രകാരം , സാങ്കേതിക വിദ്യയും റീഏജന്‍റ് അസംസ്കൃത വസ്തുക്കളും ഫ്യുജിറെബിയോ ലഭ്യമാക്കും. റീഏജന്‍റ് വികസിപ്പിക്കുക, നിർമിക്കുക എന്നിവയാണ് അഗാപ്പെയുടെ ചുമതല. 2024 ജൂണ്‍ മുതൽ അഗാപ്പെയിൽ നിന്നു ഉല്‍പ്പന്നങ്ങൾ പുറത്തിറക്കും.
ഇതോടെ റീഏജന്‍റുകൾ പ്രാദേശികമായി നിർമിക്കുന്ന, എല്ലാവിധ കെമിലൂമിനെസെൻസ് സേവനങ്ങളും നൽകുന്ന ആദ്യ ഇന്ത്യൻ കമ്പനിയാവും അഗാപ്പെ. ഓങ്കോളജി, തൈറോയ്ഡ്, സാംക്രമിക രോഗങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഘട്ടംഘട്ടമായി ടെസ്റ്റിങ് ഉപകരണങ്ങൾ പുറത്തിറക്കും. അഗാപ്പെ ബ്രാൻഡിന് കീഴിലാവും ഇവ വിതരണം ചെയ്യുക