കേരള സ്റ്റാർട്ടപ്പ് മിഷനിൽ (കെഎസ്‌യുഎം ) നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് ജപ്പാനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള വഴിയൊരുങ്ങുന്നു. ടോക്കിയോയിൽ നടന്ന ഇന്നവേഷൻ ലീഡേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത കെഎസ്‌യുഎമ്മിലെ 4 സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികൾ ഇതു സംബന്ധിച്ച ധാരണയിലെത്തി. ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനുമായി (ജെട്രോ) സഹകരിച്ചാണ് കെഎസ്‌യുഎം സ്റ്റാർട്ടപ്പുകൾ ഉച്ചകോടിയിൽ പങ്കെടുത്തത്.
കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ജെട്രോയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് അവരുടെ സ്റ്റാർട്ടപ്പ് വിഭാഗമായ ജെ ബ്രിഡ്ജുമായും കെഎസ്‌യുഎമ്മിലെ സ്റ്റാർട്ടപ്പ് പ്രതിനിധികൾ ചർച്ച നടത്തി. ഉച്ചകോടിയിൽ കേരളത്തിൽ നിന്നുള്ള ആലിബൈ ഗ്ലോബൽ, പിക്സ് ഡൈനാമിക്സ്, ഫെബ്നോ ടെക്നോളജീസ്, ഏസ്മണി എന്നീ സ്റ്റാർട്ടപ്പുകളാണ് പങ്കെടുത്തത്. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ജെട്രോയുമായുള്ള സഹകരണം മെച്ചപ്പെടുത്തി ഭാവിയിൽ പുതിയ അവസരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക അറിയിച്ചു.