ചൈനയെ വിട്ട് ഇന്ത്യയോട് അടുത്ത് ആപ്പിൾ;5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ചൈനയെ വിട്ട് ഇന്ത്യയോട് കൂടുതൽ അടുത്ത് ആപ്പിൾ. ഇന്ത്യയിലെ ഉദ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ ഏകദേശം 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.. കഴിഞ്ഞ വർഷം ആപ്പിൾ ഇന്ത്യയിൽ രണ്ട് സ്റ്റോറുകൾ തുറന്നിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഐഫോൺ നിർമ്മാണം അതിവേഗം വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ആപ്പിൾ. ഇതിന്റെ ഭാഗമായാണ് കമ്പനി തൊഴിലാളികളുടെ എണ്ണം 3 മടങ്ങ് വർദ്ധിപ്പിക്കുന്നത് .

നിലവിൽ ചൈനീസ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങളും, അമേരിക്കയുമായുള്ള ബന്ധം വഷളായതും, ചൈനീസ് സർക്കാരിന്റെ ഇടപെടലും കാരണം, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ആപ്പിളിന്റെ തീരുമാനം. ആപ്പിളിന്റെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ കേന്ദ്രം ചൈനയിലാണ്. ഏറ്റവും വലിയ വിപണിയും ചൈന തന്നെ. എന്നാൽ ചൈനയിൽ ആപ്പിളിന്റെ വരുമാനം കുറയാൻ തുടങ്ങിയതും വിപണിയിലെ എതിരാളികളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന മത്സരവും ആപ്പിളിന് തിരിച്ചടിയായി.

ചൈനയിൽ ആപ്പിളിന് വർദ്ധിച്ചുവരുന്ന വെല്ലുവിളി ഇന്ത്യയ്ക്ക് വലിയ അവസരമാണ്. കഴിഞ്ഞ വർഷം ഏറ്റവും വലിയ ഐഫോൺ നിർമ്മാണ കമ്പനിയായ ഫോക്‌സ്‌കോൺ 67 ശതമാനം ഐഫോണുകളും ഇന്ത്യയിൽ അസംബിൾ ചെയ്തു. പെഗാട്രോൺ 17 ശതമാനവും വിസ്‌ട്രോൺ 16 ശതമാനവും ഐഫോണുകൾ ഇന്ത്യയിൽ അസംബിൾ ചെയ്തു. നിലവിൽ ലോകത്ത് വിറ്റഴിയുന്ന ഐഫോണുകളിൽ 7 ശതമാനവും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്.2023ഓടെ ഇത് 25 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. പ്രോ, പ്രോ മാക്‌സ് ഒഴികെയുള്ള മിക്കവാറും എല്ലാ ഐഫോണുകളും ആപ്പിൾ ഇന്ത്യയിലാണ് നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *