ചൈനയുമായി സ്വതന്ത്ര വ്യാപാര പങ്കാളിത്ത കരാറിൽ ഏർപ്പെടുക ബുദ്ധിമുട്ടാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

ചൈന മുൻകൈയെടുത്ത് രൂപീകരിച്ചതും ആഗോള ജിഡിപിയുടെ 30 ശതമാനത്തെ സ്വാധീനിക്കുന്നതുമായ വ്യാപാര പങ്കാളിത്ത കരാറിൽ ചേരാനില്ലെന്ന് ഇന്ത്യ. 10 ആസിയാൻ രാജ്യങ്ങളും ഏഷ്യ-പസഫിക്കിലെ 5 രാജ്യങ്ങളും ഉൾപ്പെടുന്ന പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത വ്യാപാരക്കറാറിൽ ചേരാൻ ഇന്ത്യയില്ലെന്ന് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലാണ് വ്യക്തമാക്കിയത്.ചൈനയുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ എർപ്പെടുന്നത് ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. കർഷകർക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും അത് ദോഷം ചെയ്യും. ഇന്ത്യക്ക് ആസിയാൻ രാജ്യങ്ങളുമായും ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലൻഡ് എന്നിവയുമായും ഉഭയകക്ഷി സ്വതന്ത്ര വ്യാപാരക്കരാറുകളുണ്ട്.

ചൈനീസ് വ്യാപാരക്കരാറുകളും ഇടപാടുകളും നിഗൂഢമാണ്. നമ്മുടേത് സുതാര്യ സമ്പദ്‍വ്യവസ്ഥയാണ്. ഇന്ത്യയും സുതാര്യമല്ലാത്ത ചൈനയുമായി സ്വതന്ത്ര വ്യാപാര പങ്കാളിത്ത കരാറിൽ ഏർപ്പെടുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ലോക വ്യാപാര സംഘടനയുടെ നയങ്ങൾ സ്വന്തം താൽപര്യത്തിനായി വളച്ചൊടിച്ച് ചൈന മറ്റ് രാജ്യങ്ങളിൽ വിലയും നിലവാരവും കുറഞ്ഞ ഉൽപന്നങ്ങൾ തള്ളുകയാണെന്നും പീയുഷ് ഗോയൽ പറഞ്ഞു. സ്റ്റീലും കാറുകളും സോളാൽ പാനലുകളും വരെ ഇതിലുൾപ്പെടുന്നു.

2020ലാണ് ചൈനയുടെ ആഭിമുഖ്യത്തിൽ ആർസിഇപിക്ക് തുടക്കമായത്. 10 ആസിയാൻ രാജ്യങ്ങളും ന്യൂസിലൻഡ്, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന എന്നിവയുമാണ് പദ്ധതിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *