ഇ കൊമേഴ്സ് രംഗത്തെ ആഗോള ഭീമന്‍ കമ്പനിയായ ആലിബാബയുടെ സാരഥിയും ചൈനയിലെ പ്രമുഖ ബിസിനസുകാരനുമായ ജാക് മാ ആന്റ് ഗ്രൂപ്പിനെ ഇനി നിയന്ത്രിക്കില്ല. മാനേജ്‌മെന്റും ജീവനക്കാരും ഉൾപ്പെടെ 10 വ്യക്തികൾക്കായിരിക്കും ഇനി ഫിൻടെക് ഭീമന്റെ ചുമതല.
ഏറെക്കാലമായി പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായിരുന്നു ജാക് മാ. ചൈനീസ് സര്‍ക്കാര്‍ ജാക്ക് മായെ അറസ്റ്റ് ചെയ്തിരുന്നുവോയെന്നു പോലും അഭ്യൂഹങ്ങളുണ്ടായിരുന്നു. ആലിബാബയുടെ പ്രവര്‍ത്തനങ്ങളില്‍ ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം അപ്രത്യക്ഷനായിരുന്നത്.
ചൈനീസ് സർക്കാരിന്റെ അതൃപ്തിക്ക് പാത്രമായതോടെ ജാക്മായുടെ ആന്റ് നടത്താനിരുന്ന ഐപിഒ തടയപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. 2020-ന്റെ അവസാനത്തിൽ ആന്റ്സിന്റെ 37 ബില്യൺ ഡോളറിന്റെ ഐപിഒ ഒഴിവാക്കുകയും നിർബന്ധിത പുനഃക്രമീകരണത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. . 37 ബില്യണ്‍ ഡോളര്‍ ചൈനയിലും ഹോങ്കോങിലും ലിസ്റ്റ് ചെയ്ത് നേടാനും അതുവഴി സാമ്പത്തിക സേവന സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ വിപണി മൂലധനം 280 ബില്യണ്‍ ഡോളറിലെത്തിക്കാനുമായിരുന്നു നീക്കം.
തുടർന്ന്, റെഗുലേറ്റര്‍മാര്‍ സമയം നഷ്ടപ്പെടുത്തുന്നുവെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നു എന്നും ജാക് മാ വിമർശിച്ചിരുന്നു. ഈ വിമർശനത്തിന് പിന്നാലെ ചൈനീസ് സർക്കാർ ആലിബാബയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വൻകിട സ്വകാര്യ നിക്ഷേപകരുടെ സ്വാധീനം കുറയ്ക്കാനുള്ള ചൈനീസ് നേതൃത്വത്തിന്റെ നടപടികളാണ് ആന്റ് എന്ന കമ്പനിയിൽ നിന്നുള്ള ജാക്ക് മായുടെ വിടവാങ്ങലിന്റെ കാരണം.ഒരിക്കല്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന ജാക് മായുടെ വളര്‍ച്ച ലോകത്തിന് വിസ്മയമാണ്. അദ്ദേഹത്തിന്റെ ഇ-കൊമേഴ്‌സ് കമ്പനി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ – കൊമേഴ്‌സ് കമ്പനിയായിരുന്നു.