ചെറുനഗരങ്ങളുടെ മുഖഛായ മാറ്റാൻ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസന ഫണ്ട് (യുഐഡിഎഫ്) കേരളത്തിലേതുൾപ്പെടെ ചെറുനഗരങ്ങൾക്കു നേട്ടമാകും. ഓരോ വർഷവും 10,000 കോടി നീക്കിയിരിപ്പുള്ള ഫണ്ട് രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
മുൻഗണനാ വിഭാഗങ്ങളിലെ വായ്പാകമ്മി ഉപയോഗപ്പെടുത്താനാണു ശ്രമം. രാജ്യത്തെ രണ്ടാംനിര, മൂന്നാം നിര നഗരങ്ങളെ ഉദ്ദേശിച്ചുള്ളതാണ് യുഐഡിഎഫ്. അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താൻ സർക്കാർ ഏജൻസികൾ വഴി തുക ചെലവിടും. നാഷനൽ ഹൗസിങ് ബാങ്ക് വഴിയായിരിക്കും ഫണ്ടിന്റെ പ്രവർത്തനം.
∙ കോർപറേഷനുകൾക്ക്, അടിസ്ഥാന സൗകര്യ വികസനത്തിനായി, കടപ്പത്ര വിപണി വഴി ധനസമാഹരണം നടത്താനുള്ള അവസരമായ മുനിസിപ്പൽ ബോണ്ടുകളെ സർക്കാർ പ്രോത്സാഹിപ്പിക്കും.
സെപ്റ്റിക് ടാങ്കുകൾ 100% യന്ത്രസഹായത്താൽ വൃത്തിയാക്കും. നഗരങ്ങളിലെ വൃത്തിഹീനമായ ആൾനൂഴിയിൽ (മാൻഹോൾ) കടന്നു മാലിന്യം നീക്കം ചെയ്യുന്ന ആളുകളുടെ ദുരവസ്ഥ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. മാലിന്യക്കുഴലുകളിലെ മാലിന്യം നീക്കാൻ യന്ത്രസഹായം തേടുന്നതു വഴി മാൻഹോളിൽനിന്നു മെഷിൻഹോളിലേക്കുള്ള മാറ്റമാണു സർക്കാർ പ്രതീക്ഷിക്കുന്നത്.
∙ ശുചിത്വപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന സർക്കാർ സ്വച്ഛ് ഭാരത് പദ്ധതിയുടെ തുക ഇരട്ടിയാക്കി. കഴിഞ്ഞ ബജറ്റിൽ 2300 കോടിയായിരുന്നത് ഇക്കുറി 5000 കോടിയാക്കി.
∙ നഗരവികസന മന്ത്രാലയത്തിനാകെ 76431 കോടി രൂപയാണു വകയിരുത്തിയത്. കഴിഞ്ഞ തവണയും സമാനമായിരുന്നു ബജറ്റ് വിഹിതം.
വഴിയോരകച്ചവടക്കാർക്കുള്ള വായ്പ പദ്ധതി, നഗരപരിവർത്തനത്തിനുള്ള അമൃത് പദ്ധതി എന്നിവയ്ക്കു മുൻവർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ തുക അനുവദിച്ചു.