ഗൗതം അദാനിക്കെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട്.

അതിസമ്പന്നൻ ഗൗതം അദാനിക്കെതിരെ ​ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട്. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.

ഹിൻഡൻബർ​ഗ് റിപ്പോർട്ടിന് പിന്നാലെയാണ് അദാനിക്ക് കുരുക്കായി പുതിയ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ശാഖകളുള്ള ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് എന്ന കൂട്ടായ്മയാണ് പുതിയ തെളിവുകൾ പുറത്തുവിട്ടത്. അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേർ വഴി വിദേശത്തെ നിഴൽ കമ്പനികളിലൂടെ അദാനിയുടെ കമ്പനികളിൽ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ടിലെ ​പ്രധാന കണ്ടെത്തൽ. 

ഇത്തരത്തിൽ നിക്ഷേപം നടന്നത് 2013 മുതൽ 2018 വരെയുള്ള കാലയളവിലാണ്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകൾ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴൽ കമ്പനികൾക്ക് നൽകും. ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരിൽ സ്വന്തം ഓഹരികൾ തന്നെ അദാനി വാങ്ങും. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി അദാനി പണം തട്ടിയെന്നും റിപ്പോർട്ട് പറയുന്നു. ഡിആർഐ പോലുള്ള ഏജൻസികൾക്ക് ഇത് അറിയാമായിരുന്നെന്നും ഈ സർക്കാർ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോർട്ട് പറയുന്നു.  

വിദേശ മാധ്യമങ്ങളായ ​ഗാർഡിയനും ഫിനാൻഷ്യൽ ടൈംസുമാണ് റിപ്പോർട്ട് ഉദ്ദരിച്ച് വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്.  ആരോപണങ്ങൾ പാടേ തള്ളുകയാണ് അദാനി ​ഗ്രൂപ്പ്. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും ​ഗ്രൂപ്പ് കുറ്റപ്പെടുത്തി. റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഒസിസിആർപിക്ക് അമേരിക്കൻ വ്യവസായിയും മോദി വിമർശകനുമായ ജോർജ് സോറോസുമായി ബന്ധമുണ്ടെന്നും അദാനി ​ഗ്രൂപ്പ് ആരോപിച്ചു. റിപ്പോ‌ർട്ടിന് പിന്നാലെ അദാനി ​ഗ്രൂപ്പിന്റെ ഓഹരി വില ഇടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *