തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കാണ് 10 ലക്ഷം രൂപ വരെ ലഭിക്കുന്ന അപകട ഇൻഷുറൻസ് പരിരക്ഷ അവതരിപ്പിച്ചിരിക്കുന്നത്. തപാൽ വകുപ്പിന്റെ പേയ്മെന്റ്സ് ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കാണ് ‘ഗ്രൂപ്പ് ആക്സിഡന്റ് ഗാർഡ്’ എന്ന പേരിലുള്ള ഈ അപകട ഇൻഷുറൻസ് പോളിസി എടുക്കാൻ പറ്റുക. പോളിസിയിൽ ചേരാനുള്ള പ്രായപരിധി: 18-65 വയസ്സ്.
വ്യക്തിഗത പോളിസിയാണ് ഇത്. 299 രൂപ, 399 രൂപ എന്നിങ്ങനെ രണ്ടുതരം പോളിസികളാണുള്ളത്. ഒരു വർഷത്തേക്ക് 299 രൂപയുടെ പോളിസി എടുക്കുന്നയാൾക്ക് അപകട മരണം, അപകടത്തിൽ അംഗനഷ്ടം അല്ലെങ്കിൽ പക്ഷാഘാതം, സ്ഥി രമായ പൂർണ വൈകല്യം, സ്ഥിരമായ ഭാഗിക വൈകല്യം, എന്നിവയ്ക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. അപകടത്തിൽ കിടത്തി ചികിത്സ വേണ്ടി വന്നാൽ 60,000 രൂപ വരെ, അല്ലെങ്കിൽ യഥാർഥ ക്ലെയിം, ഏതാണോ കുറവ് അത് ലഭിക്കും. കിടത്തി ചികിത്സ ആവശ്യമില്ലെങ്കിൽ 30,000 രൂപ വരെ, അല്ലെങ്കിൽ യഥാർഥ ക്ലെയിം ഏതാണോ കുറവ് അത് ലഭിക്കും.
എന്നാൽ, 399 രൂപയുടെ പോളിസിയിൽ 299 രൂപയുടെ പോളിസിക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും പുറമേ പോളിസി ഉടമയുടെ മക്കൾക്ക് വിദ്യാഭ്യാസച്ചെലവിനുള്ള പരിരക്ഷയും ലഭിക്കും. വിദ്യാഭ്യാസ ആനുകൂല്യമായി ഒരു ലക്ഷം അല്ലെങ്കിൽ യഥാർഥ ചെലവ് ഇതിൽ ഏതാണോ കുറവ് അത് പരമാവധി രണ്ട് കുട്ടികൾക്ക് ലഭിക്കും. ‘ഇൻ ഹോസ്പിറ്റൽ ഡെയ് ലി കാഷ്’ എന്ന പേരിൽ 10 ദിവസം വരെ പ്രതിദിനം 1,000 രൂപ വീതം ലഭിക്കാനും അർഹതയുണ്ട്. ഇതിനു പുറമെ, കുടുംബങ്ങൾക്കുള്ള യാത്രാ ആനുകൂല്യം 25,000 രൂപ അല്ലെങ്കിൽ യഥാർഥ ചെലവ് ഇതിൽ ഏതാണോ കുറവ് അത് ലഭിക്കും. അപകടമരണം സംഭവിച്ചാൽ, സംസ്‌കാര ക്രിയകൾക്കുള്ള ആനുകൂല്യമായി 5,000 രൂപ അല്ലെങ്കിൽ യഥാർഥ ചെലവ് കുറവു വരുന്ന തുകയും ലഭിക്കും.