വിപണി മര്യാദ ലംഘിച്ചുള്ള ഇടപെടലുകളുടെ പേരിൽ ഗൂഗിളിനു വീണ്ടും പിഴച്ചു ശിക്ഷ വിധിച്ചു.ഇക്കുറി 936.44 കോടി രൂപയുടെ പിഴയാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ( CCI ) ചുമത്തിയത്. സ്വന്തം പെയ്മെൻറ് ആപ്ലിക്കേഷനും തങ്ങൾക്ക് നേട്ടമുണ്ടാകുംവിധം മറ്റ് ആപ്പുകൾക്കുള്ളിലെ സബ്സ്ക്രിപ്ഷനും മറ്റും പ്രോത്സാഹിപ്പിച്ചതിനുമാണ് നടപടി. ഇക്കഴിഞ്ഞ 20ന് 1,337.76 കോടി രൂപ പിഴയിട്ടതിനു പിന്നാലെയാണിത്.
നേട്ടമുണ്ടാക്കാൻ പ്ലേസ്റ്റോറിലെ ആധിപത്യം ഗൂഗിൾ ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ വിഭാഗത്തിൻറെ കണ്ടെത്തൽ. ഗൂഗിൾ പ്ലേസ്റ്റോറിലൂടെ വിൽക്കുന്ന ആപ്ലിക്കേഷനുകളുടെ പെയ്മെൻറ്, ഇതിൻറെ സബ്സ്ക്രിപ്ഷനും മറ്റുമുള്ള തുടർ പെയ്മെൻ്റുകൾ എന്നിവയ്ക്ക് ഗൂഗിൾ ആപ്പുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്നും കണ്ടെത്തി. ഇത് അംഗീകരിക്കാത്ത ആപ്പുകൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്യാറില്ല. ഇതു ന്യായമായ ഒരു ഉപാധിയായി പരിഗണിക്കാനാകില്ലെന്നാണ് അന്വേഷണ വിഭാഗത്തിൻ്റെ കണ്ടെത്തൽ.
ഗൂഗിൾ പ്ലേയ്സ് ബില്ലിംഗ് സംവിധാനം മറ്റു ആപ്ലിക്കേഷനുകളിലെന്ന പോലെ യൂട്യൂബും ഉപയോഗിക്കുന്നുണ്ടെങ്കിലും സ്വന്തം ആപ്ലിക്കേഷനായതിനാൽ യൂട്യൂബിൽ നിന്നു സർവീസ് ഫീസ് ഈടാക്കുന്നില്ല. ഇതു വിവേചനപരമാണ്. ഇവ ചൂണ്ടിക്കാട്ടി വിപണി മര്യാദ ലംഘിക്കുന്ന നടപടികളിൽ നിന്നു പിന്മാറാനും സിസിഐ ഗൂഗിളിനോട് നിർദ്ദേശിച്ചു.
ഇൻ ആപ്പ്, ആപ്പ് പർച്ചേസുകൾക്ക് ഇഷ്ടമുള്ള പെയ്മെൻറ് സംവിധാനം ഏർപ്പെടുത്തുന്നതിൽ നിന്ന് ആപ്പ് ഡവലപ്പർമാരെ വിലക്കരുത്. ഉപയോക്താക്കൾക്കിടയിൽ ആപ്പുകൾ പ്രചരിപ്പിക്കുകയും ഓഫറുകൾ നൽകുകയും ചെയ്യുന്നതിൽ നിന്ന് ഡവലപ്പർമാരെ തടസ്സപ്പെടുത്താനും പാടില്ല.
ബില്ലിംഗ് സംവിധാനം വഴി ശേഖരിക്കുന്ന ഉപഭോക്ത്യ വിവരങ്ങൾ കമ്പനിയുടെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തരുതെന്നും സിസിഐ ഗൂഗിളിനോട് നിർദ്ദേശിച്ചു.
ധനകാര്യ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ഹാജരാക്കാൻ സിസിഐ ഗൂഗിളിനു 30 ദിവസത്തെ സാവകാശം നൽകി. വിഷയത്തിൽ ഗൂഗിൾ പ്രതികരിച്ചിട്ടില്ല. ഗൂഗിളിൻ്റെ ശരാശരി ലാഭത്തിന് 7 ശതമാനമാണ് പിഴ. ആദ്യ പിഴ ചുമത്തിയത് ഗൂഗിളിൻ്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു. ഹാൻഡ്സെറ്റ് നിർമാതാക്കളുമായുള്ള ആൻഡ്രോയ്ഡ് ലൈസൻസിങ് വ്യവസ്ഥകളിലെ ഏകാധിപത്യം സ്വന്തം ആപ്പുകൾക്കും സേവനങ്ങൾക്കും ആനുപാതികമല്ലാത്ത പ്രാമുഖ്യം നൽകുക തുടങ്ങിയവയാണ് അന്ന് പിഴയ്ക്ക് കാരണമായത്.