ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് വിവിധ ബാങ്കുകളിലായി 1,737.04 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271.05 ഏക്കർ ഭൂമിയും ഉണ്ടെന്നാണ് റിപ്പോർട്ട്. ഭക്തരിൽ നിന്ന് വഴിപാടായി സ്വീകരിച്ച സ്വർണ്ണം, വെള്ളി, വിലപിടിപ്പുള്ള കല്ലുകൾ എന്നിവയുടെ ശേഖരം ക്ഷേത്രത്തിലുണ്ടെന്ന് റിപ്പോർട്ടുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാൽ വിശദാംശങ്ങളും മൂല്യവും വെളിപ്പെടുത്താൻ ദേവസ്വം ബോർഡ് വിസമ്മതിച്ചു.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര ദേവസ്വത്തിന്റെ ആസ്തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സ്വത്തുവിവരങ്ങൾ പുറത്തുവന്നത്.
ഗുരുവായൂർ ദേവസ്വം നൽകിയ വിവരാവകാശ മറുപടി പ്രകാരം ക്ഷേത്രത്തിന് 271.0506 ഏക്കർ ഭൂമിയുണ്ടെങ്കിലും അതിന്റെ മൂല്യം മാനേജ്‌മെന്റ് ഇതുവരെ വിലയിരുത്തിയിട്ടില്ല. വിവിധ ബാങ്കുകളിലായി 1737,04,90,961 രൂപ നിക്ഷേപമുണ്ടെന്ന് മറുവപ്പടിയിൽ വ്യക്തമാക്കി. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ ഒരു ധനസഹായവും ലഭിച്ചിട്ടില്ലെന്ന് ദേവസ്വം അറിയിക്കുകയും ചെയ്തു.
2018-19ലെ പ്രളയത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം നൽകിയ 10 കോടി രൂപ ഇതുവരെ ക്ഷേത്രത്തിന് തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്നും ദേവസ്വം വ്യക്തമാക്കി.