ജലപാതകളുടെ വികാസത്തോടെ ഇന്ത്യയുടെ ക്രൂയിസ് ടൂറിസ്റ്റ് വ്യവസായം ഗംഭീരമായ തുടക്കത്തിന് തയ്യാറെടുക്കുകയാണ്. 50 ദിവസത്തിനുള്ളിൽ, ഗംഗ-ഭാഗീരഥി-ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ എന്നിവയുൾപ്പെടെ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെ ആഡംബര കപ്പൽ കടന്നുപോകും. 2,300 കിലോമീറ്റർ ദൈർഘ്യമാണ് ഈ യാത്രയ്ക്കുള്ളത്.
2020-ൽ ആരംഭിക്കാനിരുന്ന യാത്ര കൊവിഡ്-19 കാരണം നീണ്ടുപോകുകയായിരുന്നു. 18 സ്യൂട്ടുകളും ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആഡംബര കപ്പലാണ് ഗംഗാ വിലാസ്. കപ്പലിൽ ഒരു ആഡംബര ഭക്ഷണശാല, സ്പാ, സൺഡെക്ക് എന്നിവയുണ്ട്. മെയിൻ ഡെക്കിലെ 40 സീറ്റുകളുള്ള റെസ്റ്റോറന്റിൽ കോണ്ടിനെന്റൽ, ഇന്ത്യൻ വിഭവങ്ങൾ അടങ്ങിയ ബുഫെ കൗണ്ടറുകൾ ഉണ്ട്. ഏറ്റവും മുകളിലെ നിലയിൽ ഒരു ബാറും ഒരുക്കിയിട്ടുണ്ട്. വ്യത്യസ്‌തമായ ശൈലിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ സൗകര്യങ്ങളെ ചുരുങ്ങിയ അലങ്കാരങ്ങളോടെ സംയോജിപ്പിച്ചിട്ടുണ്ട്. ഇന്റീരിയറുകളാണ് ഇവയുടെ മറ്റൊരു സവിശേഷത.
ഗംഗ നദിയിലെ വാരണാസിയിൽ നിന്ന് ദിബ്രുഗഡിലേക്കുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസിന്റെ ടിക്കറ്റ് നിരക്ക് എത്രയാണെന്ന് കൃത്യമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇതേ കമ്പനിയായ അന്താരയുടെ “ഇൻക്രെഡിബിൾ ബനാറസ്” എന്ന പാക്കേജിന്റെ നിരക്ക് 1,12,000 രൂപ മുതൽ ആരംഭിക്കുന്നു. ഓരോ സ്യൂട്ടിനും 38 ലക്ഷം രൂപ നൽകിയ സ്വിസ് ടൂറിസ്റ്റുകൾക്ക് അടുത്ത രണ്ട് വർഷത്തേക്ക് എല്ലാ ടിക്കറ്റുകളും വിറ്റതിനാലാണ് വില പരസ്യപ്പെടുത്തതെന്ന് ആന്റാര ലക്ഷ്വറി റിവർ ക്രൂയിസിന്റെ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് ഇന്ത്യ ഡയറക്ടർ കാഷിഫ് സിദ്ദിഖി പറഞ്ഞു.