നെല്ലു സംഭരിച്ചതിന്റെ പണം കർഷകർക്കു ബാങ്ക് മുഖേന സർക്കാർ പിആർഎസ് വായ്പയായി നൽകുമ്പോൾ മറ്റു വായ്പകൾക്കു സമാനമായി ഇതിന്റെ വിവരം സിബിലിനു കൈമാറാൻ പാടില്ലെന്നു ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. ഇക്കാര്യത്തിൽ ബാങ്കുകൾക്കുള്ള നിർദേശം ഉൾപ്പെടുത്തി സർക്കാർ സർക്കുലർ ഇറക്കുകയാണു വേണ്ടതെന്നും കോടതി പറഞ്ഞു.
നെല്ലു സംഭരിച്ച വകയിൽ സർക്കാർ നൽകാനുള്ള തുക ലഭിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം കർഷകർ നൽകിയ ഹർജികൾ പരിഗണിക്കുന്നതിനിടെയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. പാഡി രസീത് സ്ലിപ്പിന്റെ (പിആർഎസ്) അടിസ്ഥാനത്തിലാണു കർഷകർക്കു ബാങ്കുകളിൽ നിന്നു വായ്പ നൽകുന്നതെന്നും സിബിൽ സ്കോറിനെ ഇതു ബാധിക്കില്ലെന്നും സപ്ലൈകോയുടെ അഭിഭാഷകൻ വാദിച്ചപ്പോഴാണു കോടതിയുടെ പ്രതികരണം.
കർഷകർക്കു വായ്‌പയായി നൽകുന്ന പണം 8 മാസത്തിനകം സർക്കാർ തന്നെ അടച്ചു തീർക്കുമെന്നും സപ്ലൈകോ വിശദീകരിച്ചു. എന്നാൽ സിബിൽ സ്കോർ നിർണയം സാങ്കേതിക വിഷയം ആയതിനാൽ ഇക്കാര്യത്തിൽ ഉത്തരവോ സർക്കുലറോ വേണമെന്നു കോടതി ചൂണ്ടിക്കാട്ടി.
കർഷകരെ ഭയപ്പെടുത്തുന്നത് എന്തിനാണെന്നു കോടതി ചോദിച്ചു.സാധാരണ നിലയ്ക്ക് വായ്പയുടെ തിരിച്ചടവ് ഒരുതവണ മുടങ്ങിയാൽ തന്നെ സിബിൽ സ്കോർ കുറയും. ഒരുമിച്ച് അടച്ചാലും റേറ്റിങ് താഴും. ഹൈക്കോടതി വാക്കാൽ പറഞ്ഞു.
പിആർഎസ് വായ്പാ വിവരങ്ങൾ സിബിലിനു കൈമാറരുതെന്നു നിർദേശം നൽകണമെന്നുള്ള ഹൈക്കോടതിയുടെ അഭിപ്രായത്തിൽ നിലപാട് അറിയിക്കാൻ സപ്ലൈകോ സമയം തേടി.