കർഷകരുടെ ഉന്നമനത്തിന് വൊളന്ററി കാർബൺ വിപണി നടപ്പാക്കാൻ റബർ ബോർഡ്

റബർ കർഷകരുടെ സാമ്പത്തിക ഉന്നമനത്തിന് കാർബൺ ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള വൊളന്ററി കാർബൺ വിപണി നടപ്പാക്കാൻ റബർ ബോർഡ്.

സുസ്ഥിര വികസന പദ്ധതി ലക്ഷ്യമാക്കിയുള്ള കമ്പനികൾക്കു സാക്ഷ്യപത്രം നൽകുന്ന ഏജൻസിയായി റബർ ബോർഡിനെ മാറ്റാനും പദ്ധതി. ധാരണാപത്രം ഈ മാസം ഒപ്പുവയ്ക്കും. വികസിത രാജ്യങ്ങളിൽ കാർബൺ നിർഗമനം കണക്കാക്കി നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിലും നടപ്പാക്കാൻ കേന്ദ്ര സർക്കാരിനു പദ്ധതിയുണ്ട്. ഇതു മുൻകൂട്ടി കണ്ടാണ് വൊളന്ററി കാർബൺ വിപണി ബോർഡ് നടപ്പാക്കുന്നത്.

റബർ അധിഷ്ഠിത വ്യവസായങ്ങൾ അന്തരീക്ഷത്തിലേക്കു തള്ളുന്ന കാർബൺ ഡയോക്സൈഡിനു തുല്യമായി, റബർ മരങ്ങൾ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്നതു കണക്കാക്കുന്ന രീതിയാണു കാർബൺ ക്രെഡിറ്റിന്റേത്. ഇതിനു നിശ്ചിത തുക കണക്കാക്കി ഓരോ വർഷവും കർഷകർക്കു നൽകും. റീപ്ലാന്റ് ചെയ്യുന്നവർക്കും പുതുതായി നടുന്നവർക്കും മാത്രമേ  ആനുകൂല്യം ലഭിക്കുകയുള്ളൂ.  വനം നശിപ്പിക്കാതെയോ അനധികൃത രാസവള പ്രയോഗം നടത്താതെയോ റബർ കൃഷി ചെയ്യുന്നവർക്കു ബോർഡ് സാക്ഷ്യപത്രം നൽകും. സുസ്ഥിര വികസന പദ്ധതി നടപ്പാക്കുന്ന കമ്പനികൾ ഈ സാക്ഷ്യപത്രമുള്ള കർഷകരിൽ നിന്നു മാത്രമാവും റബർ വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *