കൺസ്യൂമർ ഫെഡിന്റെ കോട്ടയം ജില്ലാ മൊത്തവ്യാപാര കേന്ദ്രത്തിൽ ഉന്നതോദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ സ്റ്റോക്കിൽ ഏകദേശം 35 ലക്ഷം രൂപയുടെ പലചരക്കുസാധനങ്ങൾ കുറവാണെന്നു കണ്ടെത്തി.
ഗോഡൗണിന്റെ ചുമതലയുള്ള മാനേജരെയും 2 താൽക്കാലിക ജീവനക്കാരെയും മാനേജിങ് ഡയറക്ടർ സസ്പെൻഡ് ചെയ്തു.കോട്ടയം പുത്തനങ്ങാടിയിലുള്ള ജില്ലയിലെ ഏക ഗോഡൗണിലാണു സംഭവം. ഇവിടെ നടത്തിയ പരിശോധനയിൽ 34,84,243 രൂപയുടെ പലചരക്കുസാധനങ്ങളുടെ കുറവാണു കണ്ടെത്തിയത്. ഇടുക്കി ജില്ലയിലെ കട്ടപ്പന ഗോഡൗൺ മാനേജർ കൈക്കൂലിക്കേസിൽ സസ്പെൻഷനിലാണ്. 2 ജില്ലകളിൽ ക്രമക്കേടും അഴിമതിയും കണ്ടെത്തിയതോടെ കൂടുതൽ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചു.