കടമെടുപ്പിലെ കേന്ദ്ര നിയന്ത്രണവും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള താൽക്കാലിക കടമെടുപ്പിൽ വന്ന പ്രതിസന്ധിയും പരിഗണിച്ച് ക്ഷേമ പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു. പെൻഷൻ വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയാണ് സഹകരണ ബാങ്കുകളിൽ നിന്നു വായ്പയെടുക്കുക. വായ്പയ്ക്ക് സർക്കാർ ഗാരന്റി നിൽക്കും. 8.80 ശതമാനത്തിന് എടുക്കുന്ന വായ്പ ഒരു വർഷം കൊണ്ടു തിരിച്ചടയ്ക്കാമെന്നാണു ധാരണ. പ്രതിമാസം പലിശയടച്ച ശേഷം മുതൽ തുക ഒടുവിൽ ഒരുമിച്ച് അടയ്ക്കും.
ആവശ്യത്തിനു പണം കൈവശമുള്ള പ്രാഥമിക സഹകരണ സൊസൈറ്റികൾ, പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ, എംപ്ലോയീസ് കോ–ഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവയുടെ കൺസോർഷ്യമാണ് പെൻഷൻ കമ്പനിക്കു വായ്പ നൽകുക. കണ്ണൂരിലെ മാടായി സഹകരണ ഗ്രാമീണ ബാങ്കാണ് കൺസോർഷ്യത്തിന്റെ ഫണ്ട് കൈകാര്യം ചെയ്യുക. കേരള ബാങ്കിൽ ഇതിനായി പ്രത്യേക അക്കൗണ്ട് ആരംഭിക്കും. ഫണ്ട് മാനേജരും പെൻഷനും കമ്പനിയും തമ്മിൽ ഒപ്പിടുന്ന കരാർ പ്രകാരമാകും വായ്പ കൈമാറുക
സർക്കാരിന്റെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ നേരത്തേ 2 ക്ഷേമനിധി ബോർഡുകൾ വഴി 1,700 കോടി രൂപ സമാഹരിക്കാൻ നടത്തിയ ധനവകുപ്പിന്റെ നീക്കം ബാങ്കുകളുടെ നിസ്സഹകരണത്തെ തുടർന്നു പരാജയപ്പെട്ടിരുന്നു.