ക്ഷേമപെൻഷൻ നൽകാൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി രൂപ കടമെടുക്കാൻ സർക്കാർ. ഇതിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമ പെൻഷൻ നൽകാനാകാത്ത സാഹചര്യത്തിൽ ധനവകുപ്പ് 2000 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കൺസോർഷ്യം രൂപീകരിച്ച് ആ തുക നൽകാൻ സഹകരണ വകുപ്പ് തീരുമാനിച്ചത്.
ഫണ്ട് മാനേജരുടെയും സഹകരണ റജിസ്ട്രാറുടെയും പേരിൽ കേരള ബാങ്കിൽ ആരംഭിച്ച സംയുക്ത അക്കൗണ്ടിലേക്കാണ് സഹകരണ സംഘങ്ങൾ പണം നിക്ഷേപിക്കേണ്ടത്. ഒരു വർഷത്തെ കാലയളവിൽ പണം നിക്ഷേപിക്കുന്ന സംഘങ്ങൾക്ക് എല്ലാ മാസവും നിശ്ചിത തീയതിയിൽ തന്നെ 8.5% പലിശ നൽകുമെന്നാണ് വാഗ്ദാനം. സർവീസ് സഹകരണ ബാങ്കുകൾക്കു പുറമേ എംപ്ലോയീസ് സഹകരണ സംഘങ്ങളെയും കൺസോർഷ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു വർഷത്തിനു ശേഷം പണം തിരികെ ലഭിക്കുമോ എന്ന ആശങ്ക മൂലം, ഉയർന്ന പലിശയും ഗ്യാരന്റി സർട്ടിഫിക്കറ്റും വാഗ്ദാനം ചെയ്തിട്ടും പല സംഘങ്ങളും പണം കൊടുക്കാൻ താൽപര്യപ്പെടുന്നില്ല. അതേസമയം 2018 മുതൽ പല ഘട്ടങ്ങളിലായി സംഘങ്ങൾ സർക്കാരിന് 15,000 കോടി രൂപയോളം കടം നൽകിയിട്ടുണ്ടെന്നും ഇതെല്ലാം ആവശ്യ സമയത്ത് തിരികെ നൽകിയിട്ടുണ്ടെന്നുമാണ് സഹകരണ വകുപ്പിന്റെ വിശദീകരണം