ഇതോടെ ആകെയുള്ള 62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ 59.74 ലക്ഷം പേർ (96.37%) മസ്റ്ററിങ് പൂർത്തിയാക്കി. ബാക്കിയുള്ള 2.25 ലക്ഷം പേർ മരിച്ചവരോ അനർഹമായി പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടവരോ ആകാമെന്നാണു തദ്ദേശ, ധനവകുപ്പുകളുടെ വിലയിരുത്തൽ.
2022 ഡിസംബർ 31 വരെ ക്ഷേമ പെൻഷൻ വാങ്ങിയിരുന്ന ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കുന്ന മസ്റ്ററിങ് പൂർത്തിയാക്കാൻ ഇന്നലെയായിരുന്നു സർക്കാർ നിശ്ചയിച്ച അവസാനദിവസം. ഇന്നലെ മാത്രം അഞ്ചര ലക്ഷത്തിലേറെ പേരാണ് മസ്റ്ററിങ് നടത്തിയത്.
ഇനിയും പൂർത്തിയാക്കാനുള്ളവർ ഉണ്ടെങ്കിൽ അവർക്ക് എല്ലാ മാസവും ഒന്നു മുതൽ 20 വരെ തീയതികളിൽ അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിങ് നടത്താം. ഇവർക്ക് മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള പെൻഷൻ ലഭിക്കും. കുടിശിക ലഭിക്കില്ല.