ക്രെഡിറ്റ് സ്കോർ പരാതികൾ തീർപ്പാക്കാൻ വൈകിയാൽ നഷ്ടപരിഹാരം പ്രതിദിനം 100 രൂപ

വായ്‌പയ്ക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുമ്പോൾ തൊഴിലിനും വരുമാനത്തിനും പുറമേ വിലയിരുത്തപ്പെടുന്ന സുപ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ. മുൻകാല തിരിച്ചടവിലെ കൃത്യതയുമായി ബന്ധപ്പെട്ടതാണിത്. ഭേദപ്പെട്ട ക്രെഡിറ്റ് സ്കോർ ഉള്ളവർക്കാണ് വായ്പ നൽകുന്നത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വായ്പ സംബന്ധമായ വിവരം സൂക്ഷിക്കുന്നത് സിബിൽ, ഇക്വിഫാക്സ്, എക്സ്പീരിയൻ, സിആർഐഎഫ് എന്നീ കമ്പനികളാണ്. വായ്പ പൂർണമായും അടച്ചു കഴിഞ്ഞിട്ടും ഇക്കാര്യം ബാങ്കുകൾ സിബിൽ പോലെയുള്ള ഏജൻസികളെ അറിയിക്കാത്തതിന് എതിരെ കോടതികൾ ഒട്ടേറെ കേസുകളുണ്ട്.

ക്രെഡിറ്റ് സ്കോർ സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ വൈകിയാൽ ഈ ശനിയാഴ്ച മുതൽ ഓരോ ദിവസത്തിനും പരാതിക്കാരന് 100 രൂപ വീതം നഷ്ടപരിഹാരം ലഭിക്കാം. സിബിൽ അടക്കമുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനങ്ങളുടെ സ്കോറും റിപ്പോർട്ടും സംബന്ധിച്ച പരാതികൾക്കുള്ള നഷ്ടപരിഹാര സംവിധാനം ഏർപ്പെടുത്തണമെന്നത് റിസർവ് ബാങ്കിന്റെ ഉത്തരവാണ്. 6 മാസം സമയം ഇതിനായി നൽകുകയും ചെയ്തു. ഈ സമയപരിധി വെള്ളിയാഴ്ച അവസാനിക്കും.

ക്രെഡിറ്റ് സ്കോർ/റിപ്പോർട്ട് സംബന്ധിച്ച് പരാതി നൽകി 30 ദിവസത്തിനുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ തൊട്ടടുത്ത ദിവസം മുതൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും. 21 ദിവസത്തിനകം ക്രെഡിറ്റ് ഇൻ‌ഫർമേഷൻ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടത്. 21 ദിവസത്തിനകം വിവരം ലഭിച്ചിട്ടും അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനം തുക നൽകണം.
പരാതി പരിഹരിച്ച് 5 ദിവസത്തിനകം ഉപയോക്താവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കണം.

Leave a Reply

Your email address will not be published. Required fields are marked *