ഉപഭോക്താവിന്റെ ക്രെഡിറ്റ് കാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന അധിക തുക ഹാക്കിങ് ഉപയോഗിച്ച് രാജ്യാന്തര ഇടപാടുകൾക്കായി ഉപയോഗിച്ച സംഭവങ്ങളുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇത്. ഉപഭോക്താക്കൾ കൂടുതൽ പണം ക്രെഡിറ്റ് കാർഡിൽ പാർക്ക് ചെയ്യുന്നത് തടയാൻ പല ബാങ്കുകളും കണിശമായ മോണിറ്ററിങ് നടത്തുന്നുണ്ട്.ഇന്ത്യൻ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഇടപാടുകാർക്ക് അവരുടെ കുടിശ്ശിക തുകയേക്കാൾ കൂടുതൽ പണം പാർക്ക് ചെയ്യാൻ ഇനി അനുവദിക്കില്ല. കള്ളപ്പണം വെളുപ്പിക്കലും തട്ടിപ്പും സംബന്ധിച്ച് ബാങ്കുകൾ ആശങ്കപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം.
ക്രെഡിറ്റ് കാർഡ് വായ്പ നൽകുന്ന ഉൽപ്പന്നമാണ്, സേവിങ്സ് അക്കൗണ്ടല്ല എന്നതുകൊണ്ടാണ് ഉപഭോക്താക്കൾക്ക് അവരുടെ അധിക പണം ക്രെഡിറ്റ് കാർഡുകളിൽ പാർക്ക് ചെയ്യാൻ സമ്മതിക്കില്ല എന്നതിന്റെ കാരണമായി ബാങ്കുകൾ പറയുന്നത്. നിശ്ചിത കാലയളവിനുള്ളിൽ കാർഡുകളിലെ അധിക ക്രെഡിറ്റ് ബാലൻസുകൾ റീഫണ്ട് ചെയ്യാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന റിപ്പോർട്ടുകളുമുണ്ട്. ഉപഭോക്താക്കൾ ക്രെഡിറ്റ് കാർഡുകളിൽ കുടിശിഖ വരുത്തിയാൽ മാത്രമേ ബാങ്കുകൾക്ക് നേട്ടമുണ്ടാകുകയുള്ളൂ എന്നൊരു കാര്യവും ഇതിനു പിന്നിലുണ്ട്.