ക്രെഡിറ്റ് കാർഡോ ബൈ നൗ പേ ലേറ്റര്‍ ഓപ്‌ഷനോ വേണ്ട;യുപിഐ വഴി ക്രെഡിറ്റ് ലൈനുകൾ ഉപയോഗിക്കാം.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി ക്രെഡിറ്റ് ലൈനുകൾ ഉപയോഗിക്കാമെന്ന് ആർബിഐ. ഇതിലൂടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡോ ബൈ നൗ പേ ലേറ്റര്‍ ഓപ്‌ഷനോ തെരഞ്ഞെടുക്കാതെ എളുപ്പത്തില്‍ യുപിഐ സംവിധാനം ഉപയോഗിക്കാം. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ സമിതി യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.

“യുപിഐ മുഖേന ബാങ്കുകളിൽ മുൻകൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകളുടെ പ്രവർത്തനം നടത്തുന്നതിലൂടെ യുപിഐയുടെ വ്യാപ്തി വിപുലീകരിക്കും. നിലവിൽ ഡെപ്പോസിറ്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് യുപിഐ ഇടപാടുകൾപ്രവർത്തിച്ചിരുന്നത്. എന്നാൽ ഇനി ക്രെഡിറ്റ് ലൈനുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താം. റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യുപിഐ ഇടപാടുകൾക്ക് ആർബിഐ അനുമതി നൽകിയിരുന്നു. 

ബാങ്കുകൾ മുന്‍കൂട്ടി അനുവദിക്കുന്ന വായ്പാ തുകയില്‍ നിന്നാണ് ഇടപാട് നടത്താൻ സാധിക്കുക. ഇതിലൂടെ ബാങ്കുകള്‍ക്ക് നേരിട്ട് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് സമാനമായ സേവനം നല്‍കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബാങ്കുകൾക്ക് ഇതിനായി പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കേണ്ട ആവശ്യം വരുന്നില്ല. ഉപഭോക്താക്കൾക്കും വളരെ എളുപ്പം ഉപയോഗിക്കാം

ഡിജിറ്റല്‍ വായ്പാ മേഖലയില്‍ പുതിയ വഴിത്തിരിവാകും ആർബിഐയുടെ ഈ പ്രഖ്യാപനം.  ഇതിലൂടെ കാര്‍ഡുകളുടെ എണ്ണം കുറച്ച് കൊണ്ടുവരാൻ സാധിക്കും. തടസ്സങ്ങളില്ലാതെ ഇടപാട് സാധ്യമാക്കാന്‍ യുപിഐ വഴി കഴിയും. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ  സ്വീകര്യാത കൂടും. നിലവിൽ 250 ദശലക്ഷത്തിലധികം ഉപയോക്താക്കളും 5 കോടി വ്യാപാരികളും പേയ്മെന്റുകൾക്കായി യുപിഐ ഉപയോഗിക്കുണ്ട്.  ഈ വർഷം ജനുവരിയിൽ യുപിഐ ഉപയോഗിച്ച് ഏകദേശം 8038.59 ദശലക്ഷം ഇടപാടുകളാണ് നടത്തിയത്. അടുത്ത നാല് വർഷത്തിനുള്ളിൽ ഇടപാടുകളുടെ എണ്ണം 16 ശതമാനം വർധിക്കുമെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *