ക്രിപ്റ്റോ കറൻസിയുമായി റഷ്യ ;ബില്ലുകൾക്ക് അംഗീകാരം നൽകിയതായി റിപ്പോർട്ട്

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുമോ എന്ന പേടിയാണ് ക്രിപ്റ്റോ കറൻസികളെ സ്വീകരിക്കുന്നതിൽ നിന്ന് രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നത്. ഇങ്ങനെയാണെങ്കിലും റഷ്യ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. റഷ്യൻ സർക്കാർ രണ്ട് പ്രധാന ക്രിപ്‌റ്റോകറൻസി ബില്ലുകൾക്ക് അംഗീകാരം നൽകിയതായി അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റഷ്യയുടെ ഡോളർ നിക്ഷേപങ്ങൾ മരവിപ്പിച്ചിരിക്കുന്നതിനാലും റൂബിൾ രാജ്യാന്തര വ്യാപാരത്തിൽ ഉപയോഗിക്കാൻ സാധിക്കാത്തതിനാലും ക്രിപ്റ്റോ കറൻസികൾ രാജ്യാന്തര വ്യാപാരത്തിന് ഉപയോഗിക്കാൻ അനുവദിക്കുന്നതാണ് ആദ്യത്തെ ബിൽ. യുക്രെയ്നിലെ അധിനിവേശത്തെത്തുടർന്ന് വിദേശ രാജ്യങ്ങൾ ഏർപ്പെടുത്തിയ പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാനാണ് റഷ്യ പുതിയ വഴികൾ തേടുന്നത്. വരും വർഷങ്ങളിൽ റഷ്യ ഡിജിറ്റൽ ആസ്തികളിലേക്ക് തിരിയുമെന്ന ശക്തമായ സന്ദേശമാണ് ഇത് നൽകുന്നത്. ക്രിപ്‌റ്റോകറൻസികൾക്കൊപ്പം, ഡിജിറ്റൽ റൂബിൾ എന്നറിയപ്പെടുന്ന സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വികസിപ്പിക്കുന്നതിലും അവർ ശ്രദ്ധ കൊടുക്കുന്നുണ്ട്. രാജ്യത്തെ പരമ്പരാഗത കറൻസിയുടെ ബദലായാണ് ഡിജിറ്റൽ കറൻസി വിഭാവനം ചെയ്തിരിക്കുന്നത്. ആഭ്യന്തര–അതിർത്തി കടന്നുള്ള ഇടപാടുകൾക്ക് മെച്ചപ്പെട്ട കാര്യക്ഷമതയും സ്വീകാര്യത കേന്ദ്ര ബാങ്കുകൾ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസികൾക്ക് ലഭിക്കും എന്ന പ്രതീക്ഷയിൽ പല രാജ്യങ്ങളും ഡിജിറ്റൽ കറൻസികൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

ഡോളറിന്റെ ആധിപത്യം കുറക്കുക എന്ന കൃത്യമായ ലക്‌ഷ്യം ഇതിന് പിന്നിലുണ്ട്. 2025 ജൂലൈയോടെ ഡിജിറ്റൽ റൂബിൾ വ്യാപകമായി ഉപയോഗിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നത്. രാജ്യാന്തര വ്യാപാരത്തിന് ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുവാൻ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും റഷ്യയ്ക്കുള്ളിലെ ആഭ്യന്തര പണമിടപാടുകൾക്ക് ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുവാൻ പച്ചക്കൊടി വീശിയിട്ടില്ല. രാജ്യത്തിനകത്ത് റൂബിളും, പുറത്ത് ക്രിപ്റ്റോ കറൻസികളും എന്ന രീതിയിലാണ് ഇപ്പോൾ റഷ്യ മുന്നോട്ട് പോകുന്നത്.

ക്രിപ്റ്റോ ഖനനം നിയമവിധേയമാകാനുള്ള ബില്ലാണ് രണ്ടാമതായി റഷ്യ പാസാക്കിയത്. ഡിജിറ്റൽ കറൻസി മൈനിങ്, മൈനിങ് പൂൾ, മൈനിങ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേറ്റർ, മൈനിങ് പൂൾ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന വ്യക്തി എന്നിവർക്കുള്ള നിയമങ്ങൾ ആണ് ഇതിലുള്ളത്. റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മാത്രമേ ക്രിപ്റ്റോ കറൻസി ഖനനം ചെയ്യാനുള്ള അവകാശമുള്ളൂ. റഷ്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഊർജ്ജ ഉപഭോഗ പരിധിയിൽ നിന്നുകൊണ്ട് തന്നെ ഡിജിറ്റൽ കറൻസി ഖനനം ചെയ്യാനുള്ള അവകാശം വ്യക്തികൾക്ക് ഉണ്ടായിരിക്കും. ചുരുക്കി പറഞ്ഞാൽ റഷ്യയുടെ സാമ്പത്തിക സ്ഥിരതക്ക് ഭീഷണിയില്ലാതെ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചുള്ള രാജ്യാന്തര വ്യാപാരവും, ക്രിപ്റ്റോ കറൻസികൾ റഷ്യയ്ക്കകത്ത് ഖനനം ചെയ്തെടുക്കാനുള്ള സ്വാതന്ത്ര്യവും ആണ് ഇപ്പോൾ ഈ രണ്ടു ബില്ലുകളിലൂടെ നിയമമാക്കിയിരിക്കുന്നത്. റഷ്യയ്ക്കകത്ത് ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചുള്ള ഇടപാടുകൾ അനുവദിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം

Leave a Reply

Your email address will not be published. Required fields are marked *