ചെക്ക് ആഡംബര ബ്രാൻഡായ സ്കോഡ ഓട്ടോ അതിന്റെ മുൻനിര എസ്യുവി കുഷാക്കിന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഓനിക്സ് എന്ന പുതിയ വേരിയന്റ് 12.39 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ആണ് എത്തുന്നത്. നിലവില്‍ സ്കോഡ കുഷാക്ക് ഏകദേശം 20 വ്യത്യസ്ത വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നത്. അതിൽ ആനിവേഴ്സറി, മോണ്ടെ കാർലോ പതിപ്പുകളും ഉൾപ്പെടുന്നു. കുഷാക്ക് ഒനിക്സ് പരിമിതമായ എണ്ണത്തിൽ ലഭ്യമാകുമെന്ന് സ്കോഡ അറിയിച്ചു.
സ്കോഡ കുഷാക്ക് ഒനിക്സ് എഡിഷൻ ചില രൂപ മാറ്റങ്ങളോടൊപ്പം ചില പുതിയ ഫീച്ചറുകളോടെയാണ് വരുന്നത്. ഏറ്റവും ശ്രദ്ധേയമായ മാറ്റം എസ്യുവിയുടെ വശത്തുള്ള ഡെക്കലാണ്. അത് സ്പോർട്ടിയർ ആകർഷണം നൽകുന്നു. ഇതുകൂടാതെ ഡിആർഎല്ലുകളോട് കൂടിയ ക്രിസ്റ്റലിൻ എൽഇഡി ഹെഡ്ലൈറ്റ് യൂണിറ്റുകളും കുഷാക്ക് ഒനിക്സ് വാഗ്ദാനം ചെയ്യും.
ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും സുരക്ഷിതമായ എസ്യുവികളിലൊന്നാണ് സ്കോഡ കുഷാക്ക്. കഴിഞ്ഞ വർഷം നടന്ന ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഇതിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. സുരക്ഷയുടെ കാര്യത്തിൽ, മറ്റ് സ്റ്റാൻഡേർഡ് ഫീച്ചറുകൾക്ക് പുറമെ ഇരട്ട ഫ്രണ്ട് എയർബാഗുകൾ, ടിപിഎംഎസ്, ഇഎസ്സി എന്നിവ കുഷാക്ക് ഓനിക്സ് വാഗ്ദാനം ചെയ്യും. എസ്യുവിയുടെ ഇരുവശത്തും കോർണറിംഗ് ഫംഗ്ഷൻ, റിയർ ഡീഫോഗർ, ഓനിക്സ് ബാഡ്ജിംഗ് എന്നിവയുള്ള ഫ്രണ്ട് ഫോഗ് ലൈറ്റുകളും ഇതിന് ലഭിക്കുന്നു. അകത്ത് പുതിയ വീൽ കവറുകൾ, ലെതറെറ്റ് സീറ്റുകൾ, 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ കാറിന് ലഭിക്കുന്നു.
1.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനാണ് സ്കോഡ കുഷാക്ക് ഒനിക്സിന് കീഴിൽ. പരമാവധി 114 bhp കരുത്തും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റുമായി മാത്രമേ എഞ്ചിൻ ഘടിപ്പിക്കൂ. സ്കോഡ കുഷാക്ക് എസ്യുവി എക്സ് ഷോറൂം വില ഇന്ത്യയിൽ 11.29 ലക്ഷം മുതൽ ആരംഭിക്കുന്നു. ടോപ്പ് സ്പെക്ക് മോണ്ടെ കാർലോ എഡിഷന് 19.69 ലക്ഷം ആണ് എക്സ്-ഷോറൂം വില.