കോളിവുഡ് വ്യവസായം എക്കാലവും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സീസണ്‍ ആണ് പൊങ്കല്‍. എന്നാല്‍ ഇക്കുറി ആ കാത്തിരിപ്പിന്‍റെ തീവ്രത കൂടുതലാണ്. തമിഴ് സിനിമയിലെ രണ്ട് പ്രധാന താരങ്ങളായ വിജയ്, അജിത്ത് എന്നിവരുടെ ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നതാണ് അതിനു കാരണം. വിജയ്‍യുടെ വാരിസിനൊപ്പം അജിത്തിന്‍റെ തുനിവ് എന്ന ചിത്രവും ഈ പൊങ്കല്‍ കാലത്ത് തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ വാരിസിനെ സംബന്ധിച്ച് രണ്ട് പ്രധാന അപ്ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരവും ഒപ്പം ട്രെയ്ലര്‍ സംബന്ധിച്ച വിവരവുമാണ് അത്.
സെന്‍സറിംഗ് പൂര്‍ത്തിയായ വാരിസിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നാളെ വൈകിട്ട് 5 ന് പുറത്തിറങ്ങും. സണ്‍ ടിവിയുടെ യുട്യൂബ് ചാനലിലൂടെയാണ് വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ട്രെയ്‍ലര്‍ എത്തുക.
ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയമാണ് എത്തുക. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണ് വരിശ്. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.