കഴിഞ്ഞ 15 വർഷത്തിനിടയിൽ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിനു വേണ്ടി കോർപറേഷൻ ചെലവഴിച്ചത് ഏകദേശം 150 കോടി രൂപ. മാലിന്യ നീക്കത്തിനും സംസ്ക്കരണത്തിനുമുള്ള ശരാശരി ചെലവ് പ്രതിവർഷം 10 കോടി രൂപ. ഇതിനു പുറമേയാണു കോടിക്കണക്കിനു രൂപ ചെലവഴിച്ചു പ്ലാന്റുകൾ നിർമിച്ചത്. അവിടെ കെട്ടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ചു നീക്കാനായി ബയോമൈനിങ് നടത്താൻ കോർപറേഷനു ചെലവഴിക്കേണ്ടി വരുന്നത് ഇനിയും 55 കോടി രൂപയോളം.
ബ്രഹ്മപുരത്ത് എത്തുന്ന ഒരു ടൺ മാലിന്യം സംസ്കരിക്കാൻ കോർപറേഷൻ കരാർ കമ്പനിക്കു നൽകിയിരുന്നത് 550 രൂപയാണ്. കഴിഞ്ഞ വർഷമിത് 492 രൂപയായി കുറച്ചു. മാലിന്യത്തിന്റെ തൂക്കത്തിന് അനുസരിച്ചു പണം നൽകണം. ഒരു വർഷം 3–4 കോടി രൂപ ഇതിനു ചെലവാകും. എത്തിക്കുന്ന മാലിന്യത്തിന്റെ അളവ്, സംസ്കരിച്ചത്, സംസ്ക്കരിക്കാനുള്ളത്, പ്ലാന്റിന്റെ റണ്ണിങ് ടൈം എന്നിവയെല്ലാം രേഖപ്പെടുത്തിയ ലോഗ് ബുക് കോർപറേഷനിലെ ആരോഗ്യവിഭാഗം സൂക്ഷിക്കണം. പ്രതിമാസം ഉൽപാദിപ്പിക്കുന്ന ജൈവ വളത്തിന്റെ കണക്കും വേണം. എന്നാൽ ഓഡിറ്റ് വിഭാഗം ചോദിച്ചിട്ടു പോലും ലോഗ് ബുക് കോർപറേഷൻ കൊടുത്തിട്ടില്ല. ബ്രഹ്മപുരത്ത് എത്തിക്കുന്ന മാലിന്യത്തിന്റെ അളവ് കൂട്ടിക്കാണിച്ചു തട്ടിപ്പു നടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്. മാലിന്യമെത്തിക്കുന്ന ലോറിയുടെ ഭാരം അളക്കാൻ ബ്രഹ്മപുരത്തു സ്ഥാപിച്ച വേയ്ബ്രിജാകട്ടെ പലപ്പോഴും പ്രവർത്തനരഹിതം.
പ്ലാന്റിന്റെ പ്രവർത്തനത്തേക്കാൾ കൂടുതലാണു മാലിന്യം ബ്രഹ്മപുരത്തേക്ക് എത്തിക്കാനുള്ള ലോറി വാടക ഇനത്തിൽ കോർപറേഷനുള്ള ചെലവ്. പ്രതിമാസം ഏകദേശം 8 കോടി രൂപ. കൂടുതൽ ലോറി വാടക നൽകിയതിനു കോർപറേഷനെ ഓഡിറ്റ് വിഭാഗം മുൻപു പിടികൂടിയിട്ടുണ്ട്. 2015–16ൽ 3.23 കോടി രൂപയായിരുന്ന ലോറി വാടക 2019–20 ആയപ്പോഴേക്കും 7.83 കോടി രൂപയായി. 5 വർഷത്തിനിടെ വാടകയിലെ വർധന ഇരട്ടിയിലേറെ. 2021–22ൽ ഇത് 9.68 കോടി രൂപയായി. ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യം കോരി മാറ്റാൻ ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ വാടകയിനത്തിലും കോർപറേഷൻ ലക്ഷങ്ങൾ ചെലവാക്കുന്നു.
വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു മാലിന്യം ശേഖരിക്കുന്നതിനു കോർപറേഷൻ യൂസർ ഫീ ഈടാക്കുന്നുണ്ട്. എന്നാൽ, ഈയിനത്തിൽ ലക്ഷങ്ങളുടെ വരുമാന നഷ്ടമാണു പ്രതിമാസം കോർപറേഷനുള്ളത്. കൃത്യമായി യൂസർഫീ ഈടാക്കാത്തതും പിരിക്കുന്ന പണം കൃത്യമായി കോർപറേഷനു കിട്ടാത്തതുമാണു പ്രശ്നം.
തീപിടിത്തത്തെത്തുടർന്നു വിഷപ്പുക വ്യാപിച്ച വിഷയത്തിൽ ഹൈക്കോടതിയിൽ കൃത്യമായ മറുപടി ഇല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. തീപിടത്തത്തിനുശേഷമുണ്ടായ മലിനീകരണത്തിൽ എന്തു നടപടിയെടുത്തെന്നു കോടതി ചോദിച്ചു. ബ്രഹ്മപുരം തീപിടിത്തം സ്വാഭാവികമോ മനുഷ്യനിർമിതമോ എന്നും കോടതി ചോദിച്ചു. നഗരത്തിൽ വ്യാപകമായി മാലിന്യം വലിച്ചെറിയുന്നതിൽ എന്ത് നടപടിയെടുത്തെന്നു കോടതി ചോദിച്ചപ്പോൾ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായി കോർപറേഷൻ അറിയിച്ചു. ജൂൺ ആറിനകം മാലിന്യസംസ്കരണ സംവിധാനം കാര്യക്ഷമമാക്കണമെന്നു കോടതി നിർദേശിച്ചു. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ മാലിന്യസംസ്കരണം നിരീക്ഷിക്കും. ഇതിനായ മൂന്ന് അമിക്കസ് ക്യൂറിയെ നിയോഗിക്കും. ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയാണ് കൊച്ചിയിലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടെന്നും കോടതി വിമര്‍ശിച്ചു.
തീപിടുത്തമുണ്ടായപ്പോൾ കോർപ്പറേഷന്‍റെയോ കരാറെടുത്ത കമ്പനിയുടെയോ അഗ്നിരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചില്ല എന്നത് ഗുരുതര വീഴ്ചയാണ്.എവിടെയാണ് തീപിടുത്തം ആദ്യം ഉണ്ടായത് ഈ തീപിടുത്തം കൊണ്ട് ആർക്ക് നേട്ടം എന്നതിലെ അന്വേഷണങ്ങളിലാണ് സംശയങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി കിട്ടേണ്ടത്.