കൊച്ചി മെട്രോ നാളെ ആറാം വർഷത്തിലേക്ക്.20 രൂപ നാളത്തെ പരമാവധി ടിക്കറ്റ് നിരക്ക്.

മെട്രോയുടെ ആറാം പിറന്നാൾ നാളെ. കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട നിർമ്മാണം കൂടി തുടങ്ങിയതോടെ പ്രതീക്ഷകൾ വാനോളമാണ്. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്.

ആറ് വർഷം മുൻപ് മലയാളിക്ക് പരിചിതമല്ലാതിരുന്ന മെട്രോ യാത്ര ഇന്ന് കൊച്ചിക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. വിദ്യാർഥികളും ഐടി ജീവനക്കാരും ഉദ്യോഗസ്ഥരുമുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ദിനം പ്രതി മെട്രോ ഉപയോഗിക്കുന്നത്. വാർഷികാഘോഷങ്ങളുടെ ഭാഗമായി മെട്രോ ട്രെയിനുകളിൽ ഒരുക്കിയ ‘ചിരി വര’ മെട്രോ പരിപാടി യാത്രക്കാരെ ആകർഷിച്ചു. യാത്രക്കാരുടെ കാരിക്കേച്ചറുകൾ പ്രമുഖ കാർട്ടൂണിസ്റ്റുകൾ വരച്ചു നൽകി. തെരഞ്ഞെടുത്തവ പിന്നീട് മെട്രോ ട്രെയിനുകളിൽ പ്രദർശിപ്പിക്കും.

2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നാല് വര്‍ഷമെടുത്താണ് കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായത്. രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയുടെ പ്രധാന മേഖലകളെ ബന്ധിപ്പിക്കാനും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുമാകുമെന്നാണ് പ്രതീക്ഷ. വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്‍ ശ്രമം. 

Leave a Reply

Your email address will not be published. Required fields are marked *