കൊച്ചി ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.

യാത്രക്കാരുടെ എണ്ണത്തില്‍ 92.66 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 60.06 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ സിയാലിന് കഴിഞ്ഞിട്ടുണ്ട്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കൊച്ചി വിമാനത്താവളം ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്”– മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ചുരുങ്ങിയ ബജറ്റിൽ 10 മാസത്തിനുള്ളിൽ ഇത്തരമൊരു അഭിമാനകരമായ പദ്ധതി പൂർത്തിയാക്കിയ സിയാലിന്റെ വൈദഗ്ധ്യത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കായി രണ്ട് ടെര്‍മിനലുകളുള്ള കൊച്ചി വിമാനത്താവളത്തില്‍, മൂന്നാമതൊരു ടെര്‍മിനല്‍ കൂടി സജ്ജമായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. ചാര്‍ട്ടർ വിമാനങ്ങള്‍ക്കും സ്വകാര്യവിമാനങ്ങള്‍ക്കും അവയിലെ യാത്രക്കാര്‍ക്കും പ്രത്യേക സേവനം നല്‍കുക എന്നതാണ് സാധാരണ നിലയ്ക്ക് ബിസിനസ് ജെറ്റ് ടെര്‍മിനലുകളുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാലിവിടെ ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ്‌വേയ്ക്ക്  കൂടി തുടക്കമാവുകയാണ്.

ഇതോടെ രാജ്യത്തെ 4 എലീറ്റ് ക്ലബ് വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് കൊച്ചി വിമാനത്താവളവും ഉയർന്നു. ചാര്‍ട്ടര്‍ ഗേറ്റ്‌വേ എന്ന ആശയം സാക്ഷാത്ക്കരിക്കപ്പെടുന്നതോടെ, ബിസിനസ് കോണ്‍ഫറന്‍സുകള്‍, അനുബന്ധ വിനോദ സഞ്ചാരം എന്നിവ ഏകോപിപ്പിക്കാനും കുറഞ്ഞ ചെലവില്‍ ചാര്‍ട്ടര്‍ വിമാനങ്ങളെ എത്തിക്കാനും സിയാലിന് കഴിയും. 40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സിയാലിന്‍റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്.

കാര്‍ പാര്‍ക്കിങ്, ഡ്രൈവ് ഇന്‍ പോര്‍ച്ച്, വിശാലമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകള്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശനാണയ വിനിമയ കൗണ്ടര്‍ തുടങ്ങിയവയും ഈ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, അതീവസുരക്ഷ ആവശ്യമുള്ള വിഐപി അതിഥികള്‍ക്കായി 10,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്. 2  മിനിറ്റു കൊണ്ട് കാറിൽനിന്ന് എയർക്രാഫ്റ്റ് ഡോറിലേക്ക് എത്തുന്നു എന്നുള്ളതാണു പ്രത്യേകത. രാജ്യാന്തര  കാർഗോ കോംപ്ലക്സ്, കൊമേഴ്‌സ്യൽ സോൺ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയെല്ലാം തയാറാവുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *