സ്വകാര്യ ജെറ്റ് ടെർമിനൽ പ്രവർത്തിപ്പിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ വിമാനത്താവളമായി കൊച്ചി രാജ്യാന്തര വിമാനത്താവളം മാറുന്നു.
രാജ്യാന്തര, ആഭ്യന്തര ജെറ്റ് സർവീസുകൾക്ക് അനുസൃതമായ രീതിയിലുള്ള ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ 10ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സിയാൽ എംഡി എസ്.സുഹാസ് പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിലാണ് ജെറ്റ് ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നത്. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ, ആകർഷകമായ അകച്ചമയങ്ങളുമായാണ് സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ.
സ്വകാര്യ കാർ പാർക്കിങ് കേന്ദ്രങ്ങൾ, ഡ്രൈവ് ഇൻ പോർച്ച്, ആകർഷകമായ ലോബി, 5 ലൗൻജുകൾ, ബിസിനസ് സെന്റർ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൗണ്ടർ, അത്യാധുനിക വിഡിയോ കോൺഫറൻസിങ് സംവിധാനം തുടങ്ങിയവ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. അതിസുരക്ഷ ആവശ്യമുള്ള വിവിഐപികൾക്കായി ഒരു സേഫ് ഹൗസുമുണ്ട്. ടെർമിനലിൽനിന്ന് 2 മിനിറ്റ് കൊണ്ട് കാറിൽ വിമാനത്തിന് അടുത്തെത്താം. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും വിജയകരമായി നടപ്പിലാക്കാനുമുള്ള സിയാലിന്റെ വികസന നയത്തിന്റെ ഭാഗമായാണ് ബിസിനസ് ജെറ്റ് ടെർമിനൽ നിർമാണം. 10 മാസം കൊണ്ട് നിർമിച്ച ടെർമിനലിന്റെ ചെലവ് 30 കോടി രൂപയാണ്.