കൊച്ചി രാജ്യത്തെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേ ആകുമ്പോൾ; പ്രയോജനം ?

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡിസംബർ 10ന് തുറക്കാനിരിക്കുന്ന ബിസിനസ് ജെറ്റ് ടെർമിനൽ രാജ്യത്തെ ആദ്യത്തെ ‘ചാർട്ടർ ഗേറ്റ്‌വേ’ എന്ന നിലയിൽ ശ്രദ്ധേയമാകുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നും ശ്രീലങ്കയിൽനിന്നും വെല്ലുവിളി നേരിടുന്ന കേരളത്തിന്റെ ‘സമ്മേളന ടൂറിസം’ മേഖലയ്ക്ക് പുത്തനുണർവു പകരാൻ ചാർട്ടർ ഗേറ്റ്‌വേയ്ക്കു കഴിയുമെന്നു സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

ചാർട്ടേഡ് / സ്വകാര്യവിമാനങ്ങൾക്കും അതിലെ യാത്രക്കാർക്കും പ്രത്യേകമായ  സേവനം നൽകുക എന്നതാണ് സാധാരണയായി ബിസിനസ് ജെറ്റ് ടെർമിനലുകളുടെ പ്രവർത്തനം. ചാർട്ടേഡ് ഗേറ്റ് വേ എന്ന ആശയം കുറച്ചുകൂടി സമഗ്രമാണ്. രാജ്യാന്തര സമ്മേളനങ്ങൾ, ബിസിനസ് മീറ്റുകൾ, മീറ്റിങ്-ഇൻസന്റീവ്-കോൺഫറൻസ് എന്നറിയപ്പെടുന്ന ‘മിക്’ കൂടിക്കാഴ്ചകൾ ഇവയെ വിമാനത്താവള നടത്തിപ്പുകമ്പനിയുടെ ആഭിമുഖ്യത്തിൽ ഏകോപിപ്പിക്കുക, അത്തരം സമ്മേളനങ്ങളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് ചാർട്ടർ ഗേറ്റ് വേയ്ക്കുള്ളത്. 

ജി-20  മിനിസ്റ്റീരിയൽ സമ്മേളനത്തിന് 2023ൽ കേരളം വേദിയാകുമെന്നാണ് കരുതുന്നത്. ഐപിഎൽ ലേലം ഉൾപ്പെടെയുള്ളവ കൊച്ചിയിൽ നടക്കാനിരിക്കുന്നു. ക്രിക്കറ്റ് മത്സരങ്ങൾ, ഐടി സമ്മേളനങ്ങൾ, ഡിസൈൻ സമ്മിറ്റുകൾ എന്നിവയ്‌ക്കൊക്കെ ആതിഥേയത്വമരുളാനും ആലോചനയുണ്ട്. ചാർട്ടർ ഗേറ്റ്‌വേ എന്ന ആശയത്തിലൂടെ വിമാനത്താവള നടത്തിപ്പു മാത്രമല്ല, അനുബന്ധ വിനോദ സഞ്ചാര, ബിസിനസ് കോൺഫറൻസുകളെ ഏകോപിപ്പിക്കാനും സിയാലിന് കഴിയും. വൻതുക ഈടാക്കാതെ ചാർട്ടർ വിമാനങ്ങൾ എത്തിക്കാനാകും. ഇപ്പോൾ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങൊക്കെ കേരളത്തിൽ ധാരാളമായി നടക്കുന്നു.ഇത്തരമൊരു സൽക്കാരത്തിനായി 10 പേർ സാധാരണ യാത്രാവിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വരുന്നതിനുപകരം ഒരു വിമാനം ചാർട്ടർ ചെയ്തുവരാം.

ചാർട്ടർ ഗേറ്റ്‌വേയുടെ ഭാഗമായി ടൂറിസം, വിദേശ വിദ്യാഭ്യാസം, ഹോട്ടൽ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസികളെ ഉൾപ്പെടുത്തി ‘കൊച്ചിൻ ട്രാവൽ ആൻഡ് ടൂറിസം ഫ്രറ്റേണിറ്റി’ എന്ന സഖ്യത്തിന് രൂപം കൊടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *