കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രജറിനു കീൽ ഇട്ടു.

ഡ്രജിങ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കു വേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രജറിനു കീൽ ഇട്ടു. കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ഓൺലൈനിലാണു ചടങ്ങു നിർവഹിച്ചത്.
ഡിസിഐ ഡ്രജ് ഗോദാവരി എന്നു പേരിട്ടിട്ടുള്ള ട്രെയിലിങ് സക്‌ഷൻ ഹോപ്പർ ഡ്രെജറിന് (ടിഎസ്എച്ച്ഡി) 12,000 ക്യുബിക് മീറ്റർ ഹോപ്പർ ശേഷിയുണ്ട്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായുള്ള ആത്മനിർഭർ ഭാരത് സംരംഭത്തിനു കീഴിലുള്ള സുപ്രധാന ചുവടുവയ്പാണിത്.

ഡിസൈനിലും നിർമാണത്തിലും പ്രമുഖരായ നെതർലൻഡ്സിലെ റോയൽ ഐഎച്ച്‌സിയുടെ ‘ബീഗിൾ’ പ്ലാറ്റ്ഫോമിനു കീഴിലാണു നിർമാണം. 127 മീറ്റർ നീളവും 28 മീറ്റർ വീതിയുമാണു കപ്പലിനുള്ളത്. ഇതുവരെ രാജ്യത്തു നിർമിച്ചതിൽ സാങ്കേതികമായി ഏറ്റവും നവീന ഡ്രജർ ആകുമിത്. ഇന്ത്യയുടെ എല്ലാ തുറമുഖ – ജലഗതാഗത വികസന ആവശ്യങ്ങളും നിറവേറ്റുന്ന തരത്തിലാണു നിർമാണം. മാരിടൈം ഇന്ത്യ വിഷൻ വിഭാവനം ചെയ്യുന്ന തരത്തിൽ പ്രധാന തുറമുഖങ്ങളുടെ ശേഷി വർധിപ്പിക്കുന്ന വികസന പ്രവർത്തനങ്ങളിൽ ഇതു നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *