കൊച്ചിൻ ഷിപ്‌യാഡിന്റെ ഉപ സ്ഥാപനമായ ഉ‍ഡുപ്പി കൊച്ചിൻ ഷിപ്‌യാഡിന്റെ ഓർഡർ ബുക്ക് 1500 കോടിയിലേക്ക്

കേരളത്തിന്റെ ‘ഗ്ലോബൽ’ ഷിപ്‌യാഡായി മാറിക്കഴിഞ്ഞ കൊച്ചിൻ ഷിപ്‌യാഡിന്റെ ഉപ സ്ഥാപനമായ ഉ‍ഡുപ്പി കൊച്ചിൻ ഷിപ്‌യാഡിന്റെ (യുസിഎസ്എൽ) ഓർഡർ ബുക്ക് 1500 കോടി രൂപയിലേക്ക്. മുൻപു ടെബ്മ ഷിപ്‌യാഡ് ലിമിറ്റഡ് ആയിരുന്ന യുസിഎസ്എലിനെ കൊച്ചി ഷിപ്‌യാഡ് ഏറ്റെടുത്തതു 2020ലാണ്. ലാഭമുണ്ടാക്കുന്ന കപ്പൽ നിർമാണശാലയായി മാറ്റിയതു വെറും 3 വർഷത്തിനകം. വിദേശ ഓർഡറുകൾ പോലും നേടിക്കഴിഞ്ഞ യുഎസിഎസ്എൽ നോർവെയിലെ വിൽസൺ എഎസ്എയ്ക്കു വേണ്ടി നിർമിക്കുന്ന ആറ് 3800 ടിഡിഡബ്ല്യു ജനറൽ കാർഗോ വെസൽ ശ്രേണിയിലെ ആദ്യ കപ്പലും കഴിഞ്ഞ ദിവസം പുറത്തിറക്കി.

വിൽസൺ എഎസ്എയ്ക്കായി നിർമിച്ച പരിസ്ഥിതി സൗഹൃദ ഡീസൽ –ഇലക്ട്രിക് കപ്പൽ യൂറോപ്പിലെ തീരക്കടലിൽ പൊതു ചരക്കു ഗതാഗതത്തിനായി ഉപയോഗിക്കുമെന്നു കൊച്ചി ഷിപ്‌യാഡ് സിഎംഡി മധു എസ്.നായർ പറഞ്ഞു.കൊച്ചിൻ ഷിപ്‌യാഡ് ഏറ്റെടുത്തതിനു ശേഷം യുസിഎസ്എലിനു പ്രധാനപ്പെട്ട കരാറുകൾ ലഭിച്ചിരുന്നു. അദാനി ഹാർബർ സർവീസസ് ലിമിറ്റഡ് കമ്പനിയായ ഓഷ്യൻ സ്പാർക്ൾ ലിമിറ്റഡിനു വേണ്ടി രണ്ട് 62 ടി ബൊള്ളാഡ് പുൾ ടഗ്ഗുകളും പോൾസ്റ്റാർ മാരിടൈം ലിമിറ്റഡിനു വേണ്ടി രണ്ട് 70ടി ബൊള്ളാഡ് പുൾ ടഗ്ഗുകളും നിർമിച്ചു കൈമാറിയിരുന്നു.കർണാടകയിലെ മാൽപെയിലാണു യുസിഎസ്എൽ യാഡ്. കൊച്ചിൻ ഷിപ്‍യാഡിന്റെ മറ്റൊരു ഉപ സ്ഥാപനമായ ബെംഗാളിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്‌യാഡും കപ്പൽ നിർമാണ മേഖലയിൽ സജീവമാണ്

Leave a Reply

Your email address will not be published. Required fields are marked *