തായ് എയർവേയ്സിന്റെ കൊച്ചിയിൽ നിന്നുള്ള പ്രീമിയം വിമാന സർവീസുകൾക്ക് തുടക്കം. ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ നിന്നാണ് തായ് എയർവേയ്സിന്റെ സർവീസ്. ബാങ്കോക്കിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.40ന് പുറപ്പെടുന്ന വിമാനം രാത്രി 12.25ന് കൊച്ചിയിലെത്തും.
കൊച്ചിയിൽ നിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 1.40ന് പുറപ്പെട്ട് രാവിലെ 7.35ന് ബാങ്കോക്കിലെത്തും. എയർബസിന്റെ എ 320 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തത്സമയ കണക്ഷൻ വിമാനങ്ങൾ സുവർണഭൂമി വിമാനത്താവളത്തിൽ നിന്ന് ലഭ്യമാകും. ഇതോടെ ബാങ്കോക്കിലേക്ക് കൊച്ചിയിൽ നിന്നുള്ള സർവീസുകളുടെ എണ്ണം ആഴ്ചയിൽ 10 ആയി.